അത്ഭുതകരവും ദൂരെ നിന്നു കാണാന്‍ സുന്ദരവും അടുത്താണെങ്കില്‍ ഭയമുണ്ടാക്കുന്നതുമായ ഒരു പ്രതിഭാസമാണു് മിന്നല്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു് കാരണമാകുന്ന പ്രകൃതിയിലെ പ്രതിഭാസവും മിന്നലാണു് എന്നു് പലര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ പ്രതിവര്‍ഷം 70ലധികം മരണങ്ങളാണു് മിന്നല്‍ മൂലമുണ്ടാകുന്നതു്. അതോടൊപ്പം നൂറിലധികം പേര്‍ക്കു് പരിക്കേല്‍ക്കുകയും ചെയ്യുന്നു. അതുപോലെ സ്വത്തിനുണ്ടാകുന്ന നഷ്ടവും വലുതാണു്. ടെലിഫോണ്‍ കമ്പനികള്‍ക്കും വൈദ്യുതി ബോര്‍ഡിനും മിന്നല്‍ മൂലം എല്ലാ വര്‍ഷവും വളരെയധികം നഷ്ടമുണ്ടാകുന്നുണ്ടു്. ജീവനും സ്വത്തിനും ഇത്രയേറെ നഷ്ടമുണ്ടാക്കുന്ന മറ്റൊരു പ്രതിഭാസമുണ്ടെന്നു തോന്നുന്നില്ല. വലിയ ജനസാന്ദ്രതയാവണം ഇതിനുള്ള ഒരു കാരണം. എന്നാല്‍ ധാരാളമായുള്ള വൃക്ഷങ്ങളും, വിശേഷിച്ചു് ഉയരമുള്ള തെങ്ങുകളും, മിന്നലില്‍നിന്നു് രക്ഷനേടുന്നതിനെക്കുറിച്ചുള്ള അജ്ഞതയും എല്ലാം ഈ നാശനഷ്ടത്തിനു് കാരണമായി ഭവിക്കുന്നുണ്ടാവണം.എന്താണീ മിന്നൽ? അതെങ്ങനെയാണുണ്ടാകുന്നതു്? അതുമൂലം എങ്ങനെയൊക്കെയാണു് അപകടങ്ങളുണ്ടാകുന്നതു്? ഈവക കാര്യങ്ങൾ നമുക്കു് ഇവിടെ പരിശോധിക്കാം.
മിന്നല്‍ ഒരു വൈദ്യുത പ്രതിഭാസമാണു്. മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണു് മിന്നലുണ്ടാകുന്നതെന്നു് ചിലരെങ്കിലും ധരിച്ചിട്ടുണ്ടു്. അതു തെറ്റാണു്. ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു് ഇടിമിന്നല്‍ ഉണ്ടാകുന്നതു്. ഇത്തരം മേഘത്തിനു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നും സാങ്കേതികഭാഷയില്‍ ക്യുമുലോനിംബസ് (cumulonimbus) എന്നും പറയും. നമുക്കതിനെ ഇടിമേഘം എന്നു വിളിക്കാം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു് ഏതാണ്ടു് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ ഏതാണ്ടു് 16 കിലോമീറ്റര്‍ ഉയരം വരെ നീണ്ടു കിടക്കുന്ന വലിയ മേഘമാണിതു്. കേരളത്തില്‍ കാണുന്ന ഇടിമേഘങ്ങള്‍ക്കു് ഏതാണ്ടു് ഇരുപതു് കിലോമീറ്റര്‍ വ്യാസമുണ്ടാകാം. ഇത്തരം മേഘങ്ങളില്‍ നിന്നാണു് വല്ലപ്പോഴും ആലിപ്പഴം വീഴാറുള്ളതു്. താരതമ്യേന ചെറിയ ഇടിമേഘങ്ങളാണു് നമ്മുടെ നാട്ടിലുള്ളതു് എന്നതു് ഭാഗ്യമായി കരുതാം. ഏതാണ്ടു് അരയോ മുക്കാലോ മണിക്കൂര്‍ സമയമേ ഇവയില്‍നിന്നു് ശക്തമായ മഴ പെയ്യാറുള്ളു. ചില വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നൂറുകിലോമീറ്ററും മറ്റും വ്യാസമുള്ള കൂറ്റന്‍ ഇടിമേഘങ്ങളുണ്ടാകാറുണ്ടു്. ഇത്തരം മേഘങ്ങളില്‍ നിന്നു വീഴുന്ന ആലിപ്പഴത്തിനു് 15ഉം 20ഉം സെന്റിമീറ്റര്‍ വലുപ്പമുണ്ടാകാം. ഇവ വീണു് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും അപകടമോ മരണം പോലുമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടു്. ഇത്തരം മേഘങ്ങള്‍ മണിക്കൂറുകള്‍ തുടര്‍ച്ചയായി പെയ്യുകയുമാവാം.ഇടിമേഘങ്ങളിൽ എങ്ങനെയാണു് മിന്നലുണ്ടാകുന്നതു് എന്നും മിന്നലുകൾ എത്രതരമുണ്ടു് എന്നുംമറ്റുമുള്ള കാര്യങ്ങൾ താഴെ ചർച്ചചെയ്യാം.
മിന്നലുണ്ടാക്കുന്ന ക്യുമുലോനിംബസ് പടുകൂറ്റൻ മേഘങ്ങളാണെന്നു പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ അവയിൽ അതിശക്തമായ വായുചംക്രമണം നടക്കുന്നുണ്ടു്. അക്കാരണത്താൽ യാത്രാവിമാനങ്ങളുൾപ്പെടെ എല്ലാ വിമാനങ്ങളും ഇത്തരം മേഘങ്ങളെ ഒഴിവാക്കുക പതിവാണു്.മേഘത്തിന്റെ വലുപ്പവും അതിനുള്ളില്‍ നടക്കുന്ന ശക്തമായ ചംക്രമണവും ധനചാര്‍ജുകളെ (positive charges) മുകള്‍ഭാഗത്തേയ്ക്കും ഋണചാര്‍ജുകളെ (negative charges) അടിഭാഗത്തേയ്ക്കും വേര്‍തിരിച്ചു നിര്‍ത്താന്‍ കാരണമാകുന്നു. ഈ പ്രക്രിയ നടക്കുന്നതു് എങ്ങനെയാണു് എന്നു് കൃത്യമായി മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ ചാർജ്ജുകൾ മേഘത്തിന്റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടും എന്നറിവായിട്ടുണ്ടു്. മാത്രമല്ല, മൊത്തത്തിൽ പറയുമ്പോൾ ധനചാർജ്ജുകൾ പൊതുവിൽ മുകൾഭാഗത്തും ഋണചാർജ്ജുകൾ അടിഭാഗത്തുമായാണു് സ്ഥിതിചെയ്യുന്നതു്. കൂടാതെ, മേഘത്തിന്റെ അടിഭാഗത്തു് ധാരാളം ഋണചാർജ്ജുകൾ ഉള്ളതുകൊണ്ടു് മേഘം സ്ഥിതിചെയ്യുന്ന ഭാഗത്തു് ഭൂമിയുടെ ഉപരിതലത്തിൽ ധാരാളം ധനചാർജ്ജുകൾ വന്നുചേരുന്നു. ഇവ ഭൂമിയിൽത്തന്നെ ഉള്ളവയാണു്. ഇങ്ങനെ അടിഞ്ഞുകൂടുന്ന ചാർജ്ജുകൾ കുറേയാകുമ്പോൾ ഇവയ്ക്കിടയിൽ അതിശക്തമായ വോൾട്ടത രൂപംകൊള്ളുന്നു.ഈ ചാര്‍ജുകള്‍ തമ്മിലോ അടിഭാഗത്തെ ചാര്‍ജുകളും ഭൂമിയും തമ്മിലോ വളരെ വലിയ, കോടിക്കണക്കിനുള്ള, വോള്‍ട്ടത (voltage) ഉണ്ടായിക്കഴിയുമ്പോഴാണു് മിന്നലുണ്ടാകുന്നതു്. മിന്നല്‍ വാസ്തവത്തില്‍ ഒരു വലിയ വൈദ്യുത സ്പാര്‍ക്കാണു്, വേനൽക്കാലത്തു് റോഡരികിലെ വൈദ്യുതകമ്പികൾ കാറ്റത്താടി കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്നതുപോലത്തെ സ്പാർക്കുതന്നെ, പക്ഷെ അതിന്റെ ഒരുലക്ഷം ഇരട്ടി ശക്തിയുള്ളതാണു് എന്ന വ്യത്യാസംമാത്രം. അതിശക്തമായ കറന്റാണു് മിന്നല്‍പിണറില്‍ പ്രവഹിക്കുന്നതു്, പതിനായിരക്കണക്കിനു് ആംപിയർ. (ഒരു റഫ്രിജറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്നതു് രണ്ടോ മൂന്നോ ആമ്പിയറാണു് എന്നോർക്കുക.) ഇതു് വായുവിനെ പെട്ടെന്നു് ചൂടാക്കും. മുപ്പതിനായിരം ഡിഗ്രിയാണു് മിന്നല്‍പ്പിണരിലെ താപനില എന്നാണു് കണക്കാക്കിയിട്ടുള്ളുതു്. ഇതു് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ അഞ്ചിരട്ടിയാണു്! ശക്തമായ ഈ ചൂടേറ്റു് വായു പെട്ടെന്നു് വികസിക്കുന്നതു കൊണ്ടുണ്ടാകുന്ന ശബ്ദമാണു് ഇടിയായി നമ്മള്‍ കേള്‍ക്കുന്നതു്.മിന്നലപകടങ്ങൾ എങ്ങനെയെല്ലാം ഉണ്ടാകും എന്നും അവയിൽനിന്നു് എങ്ങനെ രക്ഷപ്പെടാം എന്നും തുടർന്നുള്ള ഭാഗത്തു ചർച്ചചെയ്യാം.
മൂന്നുതരം മിന്നലാണു് സാധാരണ ഉണ്ടാകുന്നതു്–ഒരു മേഘത്തിനുള്ളില്‍ത്തന്നെ (അതിനെ Intracloud lightning എന്നു് ഇംഗ്ലിഷിൽ വിളിക്കുന്നു. നമുക്കതിനെ ഉൾമേഘമിന്നൽ എന്നു വിളിക്കാം), രണ്ടു മേഘങ്ങള്‍ക്കിടയില്‍ (Intercloud lightning, അഥവാ മറുമേഘമിന്നൽ), പിന്നെ മേഘത്തില്‍നിന്നു് ഭൂമിയിലേയ്ക്കു് (Cloud to ground lightning, അഥവാ മേഘത്തിൽനിന്നു് ഭൂമിയിലേക്കുള്ള മിന്നൽ). ഇവയില്‍ അവസാനത്തേതാണു് നമുക്കു് അപകടകാരിയായിരിക്കുന്നതു് എന്നതു് വ്യക്തമാണല്ലൊ. മറ്റു രണ്ടു തരം മിന്നലുകളും വിമാനങ്ങള്‍ക്കും പക്ഷികൾക്കും പ്രശ്നമുണ്ടാക്കും. വിമാനങ്ങള്‍ ക്യമുലോനിംബസ് മേഘങ്ങളെ ഒഴിവാക്കുന്നതിനു് ഇതും കാരണമാകുന്നുണ്ടു്.മേഘത്തിൽനിന്നു് ഭൂമിയിലേക്കുള്ള മിന്നൽതന്നെ നാലുതരമുണ്ടു്: ഉത്ഭവം മേഘത്തിലാണോ ഭൂമിയിലാണോ എന്നതനുസരിച്ചു് രണ്ടുതരം (മേഘത്തിൽനിന്നുൽഭവിച്ചു് ഭൂമിയിലേക്കു പതിക്കുന്നതും തിരിച്ചും); കൂടാതെ മിന്നലിൽ അടങ്ങിയിട്ടുള്ളതു് ധനചാർജ്ജാണോ ഋണച്ചാർജ്ജാണോ എന്നതനുസരിച്ചു് രണ്ടുതരവും, അങ്ങനെ മൊത്തത്തിൽ നാലുതരം. അങ്ങനെയൊക്കെയാണെങ്കിലും കൂടുതൽ മിന്നലും മേഘത്തിൽനിന്നാണു് ഉത്ഭവിക്കുന്നതു്, അതിൽ കൂടുതലിലും കാണുന്നതു് ഋണചാർജ്ജാണുതാനും. അതുകൊണ്ടു് മിക്ക പ്രായോഗികാവശ്യങ്ങൾക്കും മേഘത്തിൽനിന്നു് ഭൂമിയിലേക്കു ഋണചാർജ്ജുകൾ കൊണ്ടുവരുന്ന മിന്നലാണുണ്ടാകുന്നതു് എന്നു കരുതാം.ഇനി നമുക്കറിയേണ്ടതു് മിന്നൽ ഏതെല്ലാം രീതിയിലാണു് മനുഷ്യനും (മൃഗങ്ങൾക്കും) വസ്തുവകകൾക്കും നാശമുണ്ടാക്കുന്നതു് എന്നാണു്. ഇനി അതു് പരിശോധിക്കാം.
മിന്നൽ എന്നതു് കൂറ്റൻ വൈദ്യുതസ്പാർക്കാണെന്നു് മനസ്സിലായല്ലോ. അതു കൊണ്ടുവരുന്ന വൈദ്യുതിയാണു് അപകടമുണ്ടാക്കുന്നതു്, നമ്മുടെ വീട്ടിലെ വൈദ്യുതിയിൽനിന്നും അപകടമുണ്ടാകുന്നതുപോലെ, പക്ഷെ അതിന്റെ പതിനായിരമിരട്ടി ശക്തിയോടെ എന്നുമാത്രം. അതുകൊണ്ടുതന്നെ, വീട്ടിലെ പ്ലഗ്ഗിൽനിന്നും മറ്റും ഷോക്കടിക്കാതിരിക്കാനായി ചെരുപ്പിടുന്നതുപോലെയുള്ള വിദ്യകൾകൊണ്ടു് മിന്നലിന്റെ വൈദ്യുതിയിൽനിന്നു് രക്ഷപ്പെടാനാവില്ല. പിന്നെ എന്തുചെയ്യണം എന്നു നോക്കാം. അതിനുമുമ്പായി, ഏതെല്ലാം വിധത്തിൽ മിന്നൽമൂലം അപകടമുണ്ടാകാം എന്നു പരിശോധിക്കാം.
ഒന്നു്, ആദ്യം മനസ്സിൽ വരുന്നതുപോലെ, നേരിട്ടു് മിന്നലേൽക്കുക എന്നതുതന്നെയാണു്. എന്നാൽ ഇതു് അത്ര സാധാരണമല്ല. ലക്ഷക്കണക്കിനു വോൾട്ടുൽപ്പാദിപ്പിക്കുന്ന ഒരു ജനറേറ്ററിൽനിന്നെന്നപോലെയാണു് മിന്നൽ വരുന്നതു് എന്നോർമ്മിക്കണം. അതിലെ കറണ്ടു് ഏതാണ്ടു് മുപ്പതിനായിരം ആംപിയർ വരുമെന്നാണു് കണക്കാക്കിയിട്ടുള്ളതു്. അതുകൊണ്ടുതന്നെ, നേരിട്ടു മിന്നലേൽക്കുന്നതാണു് ഏറ്റവും അപകടകരം. എന്നാലും, മിന്നൽ എന്നതു് വളരെ നേരിയ സമയത്തേക്കുമാത്രം നിലനിൽക്കുന്നതുകൊണ്ടു് അതിലെ വൈദ്യുതിയുടെ ആവൃത്തി (frequency) വളരെ കൂടുതലാണു്. ഇതു് പലപ്പോഴും രക്ഷയാകാറുണ്ടു്. എന്തുകൊണ്ടെന്നാൽ വൈദ്യുതപ്രവാഹം രണ്ടുവിധമുണ്ടെന്നു് അറിയാമെന്നു വിശ്വസിക്കുന്നു – ഡിസിയും (dc – direct current) എസിയും (ac – alternating current). ഡിസി എന്നാൽ ഒരേദിശയിൽ തുടർച്ചയായി പ്രവഹിക്കുന്ന വൈദ്യുതിയും എസിയെന്നാൽ തരംഗംപോലെ കൂടിയും കുറഞ്ഞും രണ്ടു ദിശകളിലേക്കും പ്രവഹിക്കുന്ന വൈദ്യുതിയുമാണു്. ഇവയിൽ ആദ്യതേതേതാണു് നമുക്കു് ബാറ്ററിയിൽനിന്നു ലഭിക്കുന്നതു്. വൈദ്യുതിബോർഡിൽനിന്നും ജനറേറ്ററുകളിൽനിന്നും കിട്ടുന്നതു് എസിയും. എസി വൈദ്യുതിക്കു് സ്ക്കിൻ ഇഫക്ട് (skin effect) എന്നൊരു സ്വഭാവമുണ്ടു്, അതായതു്, ഒരു കമ്പിയിൽക്കൂടി എസി കറന്റു പ്രവഹിക്കുമ്പോൾ അതിന്റെ ഉള്ളിൽക്കൂടിയല്ല അതു് പ്രവഹിക്കുന്നതു്, മറിച്ചോ, ഉപരിതലത്തിൽ ഒരു കനംകുറഞ്ഞ ഭാഗത്തുകൂടിയാണു്, തൊലിപ്പുറത്തുകൂടി എന്നതുപോലെ. മിന്നലിലെ വൈദ്യുതി ആവൃത്തി കൂടിയ എസി ആയതുകൊണ്ടു് ശരീരത്തിനുള്ളിലേക്കു് അധികം പ്രവേശിക്കുകയില്ല, തൊലിപ്പുറത്തുകൂടിയാണു് അതു് കൂടുതലും ഒഴുകുന്നതു്. അതുകൊണ്ടു് നേരിട്ടു് മിന്നലേറ്റവരുടെ തൊലിയിൽ മുഴുവനും ചിത്രപ്പണിപോലെ ചില പാടുകൾ കാണാനാവും. ചിലർക്ക് മാനസികമായ പ്രശ്നങ്ങളും ഉണ്ടാകാറുണ്ടു്, മരണവും. ഹൃദയത്തെ വൈദ്യുതി ബാധിക്കുമ്പോഴാണു് മരണമുണ്ടാകുന്നതു്.
രണ്ടു്, മറ്റൊരു വസ്തുവിൽ മിന്നൽ പതിച്ചിട്ടു് അതിൽനിന്നു് വൈദ്യുതി ശരീരത്തിലേൽക്കുക. ഇതു് രണ്ടുവിധത്തിലാവാം:
1. ഒരു മരത്തിലോ മറ്റൊരു ഉയരമുള്ള വസ്തുവിലോ മിന്നലേറ്റാൽ അതിന്റെ പല ഭാഗങ്ങളിലും ഉയർന്ന വോൾട്ടത ഉണ്ടാകാം. ഒരു മനുഷ്യന്റെ ഉയരത്തിലുള്ള ഭാഗത്തുതന്നെ ആയിരക്കണക്കിനു വോൾട്ട് വൈദ്യുതിയുണ്ടാകാം. മരത്തിനു സമീപത്തു നിൽക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിലേക്കു് മരത്തിൽനിന്നു് വൈദ്യുതി ചാടിവരാം, ഒരു ചെറുമിന്നൽപോലെ. ഇതിനു് സൈഡ് ഫ്ലാഷ് (side flash) എന്നു പറയുന്നു.
2. ആ മരത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന കയറിലോ മറ്റൊരു വസ്തുവിലോ ആരെങ്കിലും തൊട്ടാലും വൈദ്യുതി ശരീരത്തിലേക്കു് കടക്കും. ഇതിനു് ടച്ച് വോൾട്ടജ് (touch voltage) എന്നു പറയും. പല മരണങ്ങളും നടന്നിട്ടുള്ളതു് മഴ വരുന്നതു കണ്ടിട്ടു് പശുവിനെ അഴിച്ചുകെട്ടാനോ ഉണക്കാനിട്ട തുണി എടുത്തുവയ്ക്കാനോ പോയപ്പോഴാണു്.
മൂന്നു്, ഒരു മരത്തിലോ മറ്റോ മിന്നലേറ്റിട്ടു് അതിലെ വൈദ്യുതി ഭൂമിയിലൂടെ പ്രവഹിക്കുമ്പോൾ ഭൂമിയിലെ രണ്ടു സ്ഥലങ്ങൾ തമ്മിൽ വലിയ വോൾട്ടത ഉണ്ടാകും. ഇതിനു് സ്റ്റെപ് വോൾട്ടജ് (step voltage) എന്നു പറയും. ഇടിമിന്നലുള്ള സമയത്തു് മൃഗങ്ങൾ ചത്തൊടുങ്ങുന്നതു് പലപ്പൊഴും ഇക്കാരണം കൊണ്ടാണു്. കെട്ടിടത്തിനുള്ളിലായിരിക്കുന്ന സമയത്തും ഇതുപോലുള്ള പ്രശ്നങ്ങളുണ്ടാകാം. അതു നമുക്കു് പിന്നീടു് ചർച്ചചെയ്യാം.
അപ്പോൾ മിന്നലിന്റെ വൈദ്യുതി ഈ മൂന്നു വിധത്തിലും ദേഹത്തു് കടക്കാതിരിക്കാനായി എന്തെല്ലാം ചെയ്യണം എന്നു പരിശോധിക്കാം. കെട്ടിടത്തിനുള്ളിലായിരിക്കുമ്പോഴും കെട്ടിടത്തിനു പുറത്തായിരിക്കുമ്പോഴും ഉള്ള അവസ്ഥ വ്യത്യസ്ഥമാണു്, എടുക്കേണ്ട മുൻകരുതലുകളും വ്യത്യസ്ഥമാണു്. അതുകൊണ്ടു് അവ പ്രത്യേകമായിത്തന്നെ ചർച്ചചെയ്യാം. പൊതുവായി പറഞ്ഞാൽ മിന്നലുള്ള സമയത്തു് കെട്ടിടത്തിനു പറത്തിറങ്ങാതിരിക്കുകയാണു് നല്ലതു്, വിശേഷിച്ചു് മിന്നൽരക്ഷാസംവിധാനങ്ങളുള്ള കെട്ടിടമാണെങ്കിൽ. ഇനി പുറത്തു പെട്ടുപോയെങ്കിൽ എന്തുചെയ്യണം എന്നു പരിശോധിക്കാം.
1. ആദ്യമായി മിന്നൽ നേരിട്ടു് ദേഹത്തു കൊള്ളാതിരിക്കാനായി എന്തുചെയ്യാം? ഏറ്റവും ഉയരത്തിലുള്ള സ്ഥാനത്താണു് മിന്നൽ സാധാരണയായി പതിക്കുക. അതുകൊണ്ടു് തുറന്ന, മൈതാനമോ തടാകമോ പോലെയുള്ള സ്ഥലങ്ങൾ ഒഴിവാക്കണം, എന്തെന്നാൽ, മൈതാനത്തു് നിൽക്കുന്ന ആളിന്റെ തലയായിരിക്കും ഏറ്റവും ഉയരമുള്ള സ്ഥാനം. തടാകമോ സ്വിമ്മിങ് പൂളോ കായലോ പോലെയുള്ള പ്രദേശങ്ങളിൽ മറ്റൊരു വസ്തുവുമില്ലാത്തതുകൊണ്ടു് അവിടെയായാലും അപകടസാദ്ധ്യത കൂടുതലാണു്.
2. ഉയരമുള്ള മരത്തിന്റെയോ ടവറിന്റെയോ തൂണിന്റെയോ അടുത്തു നിൽക്കുന്നതും അപകടകാരണമാകാം. ഇവിടെ നേരത്തെ വിശദീകരിച്ച ടച്ച് വോൾട്ടജ്, സ്റ്റെപ് വോൾട്ടജ്, സൈഡ് ഫ്ലാഷ് എന്നിവയാണു് അപകടം കൊണ്ടുവരാൻ ഇടയുള്ളതു്. പലപ്പോഴും മഴ വരുന്നതുകണ്ടു് പുറത്തു കെട്ടിയിട്ടിരിക്കുന്ന പശുവിനെ അഴിച്ചു് തൊഴുത്തിൽ കെട്ടാനോ പുറത്തു് ഉണങ്ങാനിട്ടിരിക്കുന്ന തുണി എടുത്തു് അകത്തിടാനോ പോകുമ്പോഴാണു് പശുവിനെയോ അയയോ കെട്ടിയിരിക്കുന്ന മരത്തിൽ മിന്നലേറ്റ് മരണം സംഭവിച്ചിട്ടുള്ളതു്. പുറത്തായിരിക്കുന്ന സമയത്തു് ഇടിമിന്നൽ വരുകയാണങ്കിൽ ഉടനെതന്നെ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്തേക്കു് കഴിവതും പെട്ടെന്നു മാറുക. മിന്നൽരക്ഷാസംവിധാനങ്ങളുള്ള കെട്ടിടമാണു് ഏറ്റവും നല്ലതു്. പൂർണ്ണമായി ലോഹംകൊണ്ടുണ്ടാക്കിയ കാർ, ബസ്, ട്രെയ്ൻ തുടങ്ങിയ വാഹനങ്ങളും വളരെ സുരക്ഷിതമാണു്. പക്ഷെ അവയുടെ മുകൾഭാഗം ഫൈബർഗ്ലാസോ മറ്റു വസ്തുക്കളോ കൊണ്ടുണ്ടാക്കിയതാവരുതു് എന്നു് പ്രത്യേകം ശ്രദ്ധിക്കണം. ചില വികസിത രാജ്യങ്ങളിൽ ജനങ്ങൾ കൂടുതലായി വരാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ മിന്നൽസുരക്ഷ ഏകുന്ന ചെറിയ കെട്ടിടങ്ങൾ നിർമ്മിക്കാറുണ്ടു്. അതോടൊപ്പം വലിയ ബോർഡും വയ്ക്കാറുണ്ടു്, “ഇടി മുളങ്ങുമ്പോൾ അകത്തു കയറുക” (When Thunder Roars, Go Indoors) എന്നർത്ഥമാക്കുന്ന വാചകത്തോടുകൂടി. കെട്ടിടത്തിനകത്തായാലും ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടു്. എന്തൊക്കെയാണവ?
കെട്ടിടം ആർസിസി (RCC, Reinforced Cement Concrete) കൊണ്ടു് നിർമ്മിച്ചതാണെങ്കിൽ, അതിൽ കമ്പി അടങ്ങിയിട്ടുള്ളതിനാൽ കെട്ടിടംതന്നെ കുറച്ചൊക്കെ സുരക്ഷ നൽകുന്നുണ്ടു്. എന്നാൽ പുറത്തുനിന്നു് ഉള്ളിലേക്കു വരുന്ന ലോഹംകൊണ്ടുണ്ടാക്കിയ പലതും ഉണ്ടു്. വിദ്യുച്ഛക്തി കൊണ്ടുവരുന്ന കമ്പി, ടെലഫോണുണ്ടെങ്കിൽ അതിന്റെ കമ്പി, വെള്ളത്തിന്റെ പൈപ്പ്, ഇന്റർനെറ്റിന്റെയും ടെലിവിഷന്റെയും കേബിളുകൾ ഇങ്ങനെ പലതും. അവയിൽ ഏതിലെങ്കിലും മിന്നലേറ്റാൽ മിന്നലിന്റെ വൈദ്യുതി അതിലൂടെ കെട്ടിടത്തിനുള്ളിലും കടക്കാനിടയാകും. അതുകൊണ്ടു് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, കമ്പിയാൽ ബന്ധിതമായ (ലാൻഡ്) ഫോൺ, വെള്ളത്തിന്റെ പൈപ്പു്, കേബിൾ ടെലിവിഷനുണ്ടെങ്കിൽ ടിവിസെറ്റ്, ഇന്റർനെറ്റ് കണക്ഷനുണ്ടെങ്കിൽ അതുമായി ബന്ധമുള്ള ഉപകരണങ്ങൾ (കംപ്യൂട്ടർ, മോഡം, തുടങ്ങിയവ) എന്നിവയിൽനിന്നു് മാറി നിലകൊള്ളുക.ഇടിയുടെ ശബ്ദം ദൂരെ കേൾക്കുമ്പോൾത്തന്നെ വൈദ്യുതിയും മറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിട്ടാൽ അവയെ മിന്നലിൽനിന്നു രക്ഷിക്കാനാകും. ഇടിയുടെ ശബ്ദം ദൂരെ പോയതിനുശേഷം മാത്രമേ അവ തിരികെ വൈദ്യുതിയുമായി ബന്ധിപ്പിക്കാവൂ. ടെറസ്സിലോ ബാൽക്കണിയിലോ പോയി നിൽക്കാതിരിക്കണം. പുറത്തേക്കു തുറക്കുന്ന വാതിൽക്കലോ ജനലിനു സമീപമോ പോകാതിരിക്കണം. കയ്യിൽ ലോഹംകൊണ്ടുള്ള ആഭരണമോ മറ്റു വസ്തുക്കളോ ഉണ്ടെങ്കിൽ മിന്നലേൽക്കാനുള്ള സാദ്ധ്യത കൂടുതലാണു്. കാലുകൾ ചേർത്തുവച്ചു് കസേരയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നതാണു് സുരക്ഷിതം. സ്റ്റെപ് വോൾട്ടത ഇല്ലാതാക്കാൻവേണ്ടിയാണു് കാലുകൾ ചേർത്തുവയ്ക്കുന്നതു്. കെട്ടിടത്തിന്റെ രണ്ടുഭാഗങ്ങളിലായി ശരീരഭാഗങ്ങൾ തൊടാതിരിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണമായി, നിലത്തു നിന്നുകൊണ്ടു് ഭിത്തിയിലോ കൈവരിയിലോ മറ്റെവിടെയെങ്കിലുമോ തൊടരുതു്. ഇതും സ്റ്റെപ് വോൾട്ടത ഇല്ലാതാക്കാനായാണു്. പല മരണങ്ങളും സംഭവിച്ചിട്ടുള്ളതു് തറയിലും ഭിത്തിയിലുമോ തറയിലും കൈവരിയിലുമോ തൊട്ടുകൊണ്ടു് നിൽക്കുമ്പോഴാണു്. ഇടിമിന്നലുള്ള സമയത്തു് കുളിക്കുക, പാത്രമോ തുണിയോ കഴുകുക, തുടങ്ങിയ കാര്യങ്ങൾ ചെയ്യരുതു്. ആ സമയത്തു് വാട്ടർ ടാങ്കിനു സമീപമോ പൈപ്പു വരുന്ന വഴിയിലോ മിന്നലേറ്റാൽ ആ വൈദ്യുതി ശരീരത്തിൽ കടക്കാൻ സാദ്ധ്യതയുണ്ടു്. കംപ്യൂട്ടർ, ടെലിവിഷൻ, തുടങ്ങിയ ഉപകരണങ്ങളെ മിന്നലിൽനിന്നു രക്ഷിക്കാനായി അവയുമായി ബന്ധമുള്ള എല്ലാ വയറുകളിലും സർജ് പ്രൊട്ടക്ഷൻ ഡിവൈസ് (SPD, Surge Protection Device) എന്നൊരു ഉപകരണം സ്ഥാപിച്ചു് ശരിയായി നോക്കിനടത്തിയാൽ സാധിക്കും. ആധുനിക കെട്ടിടങ്ങളിൽ കാണുന്ന എംസിബി , (MCB, Miniature Circuit Breaker) എന്ന ഉപകരണത്തെ അനുസ്മരിപ്പിക്കുന്നതാണു് എസ്പിഡിയും. മിന്നലിലെ വൈദ്യുതി അതിശക്തവും എന്നാൽ അല്പനേരം മാത്രം നിലനിൽക്കുന്നതുമായതിനാൽ അതിനെ മാത്രം നേരെ ഭൂമിയിലേക്കു് തിരിച്ചുവിടാനുള്ള ഉപകരണമാണു് എസ്പിഡി. മിന്നലിൽനിന്നു് സ്വയം രക്ഷനേടാനും വീട്ടിലെ ഉപകരണങ്ങളെ സംരക്ഷിക്കാനുമുള്ള വഴികൾ ഇതോടെ മനസ്സിലായിട്ടുണ്ടാകും എന്നു വിശ്വസിക്കുന്നു. എന്തെങ്കിലും സംശയമുള്ളവർക്കു് ഇവിടെയോ ഞങ്ങളുടെ ഫേസ്ബുക്ക് പേജിലോ (https://www.facebook.com/ഇടിമിന്നൽ-103725182099438/) ചോദിക്കാം. അവിടെത്തന്നെ ഉത്തരവും ലഭിക്കും.