കേരളത്തിലെ മാദ്ധ്യമങ്ങൾ പറയാത്ത കാര്യം

ഏതാനും മാസങ്ങൾക്കുമുമ്പു്, കൃത്യമയി പറഞ്ഞാൽ, 2020 ജനുവരി 7നു്, എഴുതിയ ചില കാര്യങ്ങളാണു്. അവ അബദ്ധവശാൽ മറ്റൊരു ബ്ലോഗിലാണു് ചെന്നുപെട്ടതു്. അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നു തോന്നിയതിനാൽ അതിവിടെ പകർത്തുന്നു. ഇതിപ്പോൾ പ്രസക്തമാകുന്നതു് ഈ സംഭവം മാത്രം കാരണമല്ല. ഇതുപോലത്തെ തീപിടിത്തങ്ങളും മറ്റു പ്രശ്നങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും, വിശേഷിച്ചു് അമേരിക്ക, യൂറോപ്പ്, തുടങ്ങിയ നാടുകളിൽ ഇപ്പോഴും അരങ്ങേറുന്നുണ്ടു്, എന്നാൽ അവയിലും നമ്മുടെ മാദ്ധ്യമങ്ങൾക്കു് യാതൊരു താൽപ്പര്യവുമില്ല എന്നതാണു്. അങ്ങുദൂരെ നടക്കുന്നതല്ലേ എന്നോർത്തു് ആരും സമാധാനിക്കണ്ട. ഇതെല്ലാം ഉണ്ടാക്കുന്നതിൽ ഒരു പ്രധാനപങ്കു് കാലാവസ്ഥാവ്യതിയാനത്തിനുമുണ്ടു്. ഇതെല്ലാം നാളെ നമ്മുടെ നാട്ടിലും അനുഭവപ്പെടും എന്നതിനു് യാതൊരു സംശയവും വേണ്ട. അന്നു് നേരിട്ടു് അനുഭവിക്കാം എന്നോർത്തു് സന്തോഷിക്കാം.

കാലാവസ്ഥാവ്യതിതാനത്തെപ്പറ്റിയാണു് ഈ ബ്ലോഗ് പ്രധാനമായി പറയുന്നതു്. അതിൽത്തന്നെ കേരളത്തിനു പ്രസക്തിയുള്ള കാര്യങ്ങൾക്കാണു് ഊന്നൽകൊടുക്കാൻ ശ്രമിച്ചതു്. എന്നാൽ ഇന്നത്തെ ആഗോളവൽകൃതലോകത്തു് ഏതുഭാഗത്തു് നടക്കുന്ന കാര്യത്തിനും മറ്റേതുഭാകത്തും പ്രസക്തിയുണ്ടെന്നതാണു് സത്യം. അങ്ങനെയൊരു കാര്യത്തെപ്പറ്റിയാണു് ഇപ്പോൾ പറയാൻപോകുന്നതു്. അതും ഇവിടത്തെ മാദ്ധ്യമങ്ങളിൽ തീരെ പ്രതിപാദിച്ചുകാണാത്ത കാര്യം.

ആസ്ട്രേലിയ എന്ന ഭൂഖണ്ഡത്തിൽ വലിയ ഭാഗവും മരുഭൂമിയാണു്. സസ്യങ്ങളുള്ളതിൽ വലിയ ഭാഗവും കുറ്റിക്കാടുകളുമാണു്. ഈ കുറ്റിക്കാടുകളിൽ തീപിടിത്തം പണ്ടുമുതലേ സാധാരണമാണു്. ഇതുണ്ടാകുന്നതു് സ്വാഭാവികവും മനുഷ്യസ്രഷ്ടവുമായ കാരണങ്ങളാലാണു്. സ്വാഭാവിക കാരണങ്ങളിൽ മിന്നലും മനുഷ്യസ്രഷ്ടമായവയിൽ കാടു തെളിക്കാനായി ആദിവാസികൾ തീയിടുന്നതും പുകവലിക്കുന്നവ‍രുടെ അശ്രദ്ധയും മുകളിലൂടെ പോകുന്ന വൈദ്യുത കമ്പകളിൽനിന്നു് സ്പാർക്കുണ്ടാകുന്നതും മറ്റും ഉൾപ്പെടുന്നു. പ്രാകൃതമായ കാരണങ്ങളാൽ ആസ്ട്രേലിയൻ കുറ്റിക്കാടുകളിൽ തീപിടിത്തമുണ്ടാകുന്നതു് പതിനായിരമോ അതിലധികമോ വർഷമായി നടക്കുന്ന കാര്യമായതിനാൽ അവിടത്തെ പല സസ്യങ്ങളും അതിനു് യോജിക്കുന്ന വിധത്തിൽ പരിണമിച്ചിട്ടുണ്ടത്രെ. എന്നാൽ അടുത്തകാലത്തായി ഇത്തരം കാട്ടുതീകൾ കൂടുതലായി ഉണ്ടാകുന്നുണ്ടു് എന്നു കരുതുന്നു. ഇതിനുള്ള ഒരു കാരണം കാലാവസ്ഥാവ്യതിയാനത്താലുണ്ടായ വരൾച്ചയും ആണെന്നു കരുതപ്പെടുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ആസ്ട്രേലിയയിലെ ശരാശരി താപനില ഒരു ഡിഗ്രി കൂടിയിട്ടുണ്ടത്രെ. മാത്രമല്ല, കഴിഞ്ഞ നാനൂറു വർഷങ്ങളിൽ ഉണ്ടാകാത്ത വിധത്തിലുള്ള വരൾച്ചയാണു് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലും ഉണ്ടായതു് എന്നു് മെൽബൺ സർവ്വകലാശാലയിൽ 2018ൽ നടത്തിയ ഒരു പഠനം കണ്ടെത്തിയിട്ടുണ്ടു്.

ഇത്തരം കാരണങ്ങളാലാവണം, ഈ വ‍ർഷം അഭൂതപൂർവ്വമായ കാട്ടുതീയാണു് ആസ്ട്രേലിയയിലെ പല കുറ്റിക്കാടുകളെയും കവർന്നിരിക്കുന്നതു്. ഇതിന്റെ തീവ്രത ഞാനിവിടെ വിവരിക്കാൻ ശ്രമിക്കുന്നില്ല. പകരം, അവയുടെ ചിത്രങ്ങളും വിഡിയൊകളും അടങ്ങുന്ന പേജുകൾ ചൂണ്ടിക്കാട്ടുക മാത്രമാണു് ചെയ്യുന്നതു്. ആയിരം വാക്കുകളെക്കാൾ നന്നായി ഒരു ചിത്രം ആശയം വിനിമയം ചെയ്യും എന്നാണല്ലോ പറയപ്പെടുന്നതു്. വിഡിയൊ ആകുമ്പോൾ അതു് പതിനായിരം വാക്കുകളായി വികസിപ്പിക്കാമായിരിക്കണം. എന്തായാലും അത്രയധികം വാക്കുകൾ ടൈപ്പുചെയ്യുന്ന ജോലി ലാഭിച്ചുകൊണ്ടും നേരിട്ടു കാണുന്നതിന്റെ ആസ്വാദ്യത പകരുന്നതിനുമായി ചില കണ്ണികൾമാത്രം ഇവിടെ വയ്ക്കുന്നു:

  1. https://myfirewatch.landgate.wa.gov.au/ പല സമയങ്ങളിലായി ആസ്ട്രേലിയയിലുണ്ടായ കാട്ടുതീകൾ അടയാളപ്പെടുത്തിയ ഭൂപടം ഇവിടെ കാണാം.
  2. https://www.abc.net.au/news/image/10695778-16×9-700×394.jpg ഇരുപതിനായിരം ഹെക്ടർ സ്ഥലത്തേക്കു് കാട്ടുതീ പടർന്നപ്പോൾ ആകാശത്തുനിന്നു് വെള്ളം തളിക്കുന്നതിന്റെ ചിത്രം.
  3. കാട്ടുതീയുടെ ഇടയിൽ അതു് കെടുത്താനായി ശ്രമിക്കുന്ന ഒരു അഗ്നിശമനസേനാപ്രവർത്തകന്റെ ചിത്രം.: https://www.abc.net.au/news/image/10816570-16×9-700×394.jpg
  4. ഇനി കുറച്ചു് വി‍ഡിയൊകളാവട്ടെ:
  5. a) ആസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുനിന്നുള്ള കാഴ്ച: https://www.youtube.com/watch?v=NmyWqgBBhzY
    b) ദക്ഷിണ ആസ്ട്രേലിയയിൽ നിന്നുള്ള കാഴ്ച: https://www.youtube.com/watch?v=oNlG9Mqksiw
    c) പുൽമേടുകൾ കത്തുന്നു: https://www.youtube.com/watch?v=w9JdGx8dA7Y

ഇതൊന്നും നമ്മുടെ മാദ്ധ്യമങ്ങൾ നമ്മെ അറിയിക്കാത്തതെന്തേ? “നമ്മുടെ കാര്യം” അല്ലാത്തതുകൊണ്ടാണോ? അതോ CRS, CAA, തുടങ്ങിയവ ഇതിനെക്കാൾ പ്രാധാന്യമുള്ളതായതുകൊണ്ടോ? ഈ കാലാവസ്ഥാവ്യതിയാനം എന്ന സാധനത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ നമ്മൾ കഴിഞ്ഞ രണ്ടുവർഷമായി നേരിടുന്ന പ്രളയം മാത്രമല്ല, ഇവിടെ കാണുന്നതുപോലത്തെ തീയും അനുഭവിക്കേണ്ടിവരും. അപ്പോൾ മറ്റൊന്നും സഹായിക്കില്ല. കാലാവസ്ഥാവ്യതിയാനത്തെ നേരിടാനായി നമ്മുടെ നാട്ടിൽ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണു് സത്യം.

കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി ജനങ്ങളെ അറിയിക്കാനും അവരെ തയാറാക്കി നി‍ത്താനുമുള്ള ഉത്തരവാദിത്തം സർക്കാരിനുള്ളതിനെക്കാൾ കൂടുതൽ മാദ്ധ്യമങ്ങൾക്കുണ്ടു്. ബ്രിട്ടനിൽനിന്നിറങ്ങുന്ന ഗാർഡിയൻ എന്ന പത്രത്തെ നോക്കൂ. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ലോകത്തെല്ലായിടത്തുനിന്നുമുള്ള വാർത്തകൾ അവർ എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നു. പലതും ആദ്യപേജിൽത്തന്നെ. ഇതുപോലെ മാദ്ധ്യമധർമ്മം പുലർത്തുന്നവരുണ്ടായതുകൊണ്ടാണു് യൂറോപ്പിലെ ജനങ്ങൾ കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി ബോധവാന്മാരായതും ഗ്രെറ്റ തൺബർഗിനെപ്പോലുള്ള ഒരു കുട്ടി ആഗോളതലത്തിലുള്ള മാറ്റത്തിനുവേണ്ടി പോരാടാൻ തയാറായതും. കൂപമണ്ഡൂകങ്ങളായി ജീവിക്കുന്ന നമ്മൾ പ്രളയംവന്നു കുറേ ജീവനുകളും സ്വത്തും കൊണ്ടുപോയപ്പോഴാണു് കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി കേട്ടുതുടങ്ങിയതു്. എന്നാൽ നമ്മൾ ആരൊക്കെയോ ആണെന്നുള്ള അഹങ്കാരത്തിനു് വല്ല കുറവുമുണ്ടോ?

ഏതാനും ചിത്രങ്ങൾ കൂടി

ഈ തീയെല്ലാം ഉണ്ടാക്കിയതിനു് ഉത്തരവാദികളെന്നു പറയപ്പെടുന്ന 183 പേരെ സർക്കാർ അറസ്റ്റ് ചെയ്തിട്ടുണ്ടു്. അവരുടെ പങ്കെന്താണെന്നു് ഇപ്പോൾ വ്യക്തമല്ല. എന്നാൽ കാലാവസ്ഥാവ്യതിയാനംമൂലം നാടെല്ലാം അസാധാരണമായി വരണ്ടുകിടന്നതു് ഒരു കാരണമാണെന്നു് ഇപ്പോൾ പറയുന്നുണ്ടു്. ഇതിന്റെ നൂറിലൊന്നു് ഭയാനകമായ ഒരു ദുരന്തത്തെ നേരിടാൻ നമുക്കു് വല്ല കോപ്പുമുണ്ടോ എന്നു് ചിന്തിക്കേണ്ടതാണു്.

(I thank Sri Ajaikumar for sending these photographs to a WhatsApp group in which I too am a member. These photographs might be under copyright, and will be removed if and when I am notified)

Published by climatekerala

We are a new project that is started to study climate change in Kerala in all its aspects. The study will start as soon as funding is available.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: