
ഗർഭിണിയായ ആന പടക്കം നിറച്ച പൈനാപ്പിൾ തിന്നാൻ ശ്രമിച്ചു് മരിച്ച സംഭവം രാജ്യമാകെ പ്രതിഷേധമുയർത്തി. പൈനാപ്പിളിൽ പടക്കം നിറച്ചു് വച്ചവരെ കണ്ടെത്തി ശിക്ഷിക്കണം എന്നു് പ്രമുഖർ പ്രസ്താവിച്ചു. നടപടിയുണ്ടാകും എന്നു് മുഖ്യമന്ത്രിയും പറഞ്ഞു.എന്നാൽ അതുതന്നെയാണോ ശരിയായ നടപടി എന്നു് ആരും ചിന്തിക്കുകയോ ചർച്ചചെയ്യുകയോ ചെയ്തതായി കണ്ടില്ല. ഇങ്ങനെ ഓരോ മുദ്രാവാക്യങ്ങളുടെ പിന്നാലെ പോകുകയും, അടിസ്ഥാനപ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുകയോ ചർച്ചചെയ്യുകയോ ചെയ്യാതിരിക്കുക എന്നതു് നമ്മുടെ പതിവായിരിക്കുന്നു.എന്തുകൊണ്ടാണു് അങ്ങനെ പൈനാപ്പിളിൽ പടക്കങ്ങൾ നിറച്ചു് വച്ചതെന്നോ അതിനു പകരം എന്തു ചെയ്യാനാകുമായിരുന്നു എന്നോ ആരും പറഞ്ഞുകേട്ടില്ല. അല്ലെങ്കിൽ മാദ്ധ്യമങ്ങൾ അതിനു് പ്രാധാന്യം കൊടുത്തില്ല. അതല്ലേ വേണ്ടിയിരുന്നതു്? ഈ പടക്കംനിറച്ച പൈനാപ്പിൾ അവിടെ വച്ച മനുഷ്യനെ കണ്ടുപിടിച്ചു് ശിക്ഷിച്ചാൽ എല്ലാക്കാലത്തേക്കുമായി ഈ പ്രശ്നം തീരുമോ? ഇനി ആനകളോ പന്നികളോ മറ്റുമൃഗങ്ങളോ ശല്യം ചെയ്യാതിരിക്കുമോ? ഇതൊന്നും ആരും ആലോചിച്ചതേയില്ല എന്നു തോന്നും വാർത്തകൾ വായിച്ചാൽ. അതാണോ ശരിയായ നടപടി? ആനയുടെ മരണത്തിനു് പ്രതികാരമായി ആരെയെങ്കിലും ശിക്ഷിച്ചാൽ എല്ലാവർക്കും സന്തോഷമായി എന്നു തോന്നുന്നു. എന്തൊരബദ്ധം! ഇതാണോ കൊട്ടിഘോഷിച്ച പ്രബുദധകേരളം? കഷ്ടം!പിന്നെയെന്താണു് വേണ്ടതു്? അടിസ്ഥാനപ്രശ്നം എന്താണു്? ആന ചരിഞ്ഞതാണോ? ഇതാദ്യത്തെ ആനയാണോ ചരിയുന്നതു്? കൊല്ലപ്പെടുന്നതു്? തീർച്ചയായും അല്ല. മനുഷ്യരുമായുള്ള മൃഗങ്ങളുടെ സംഘട്ടനം തുടങ്ങിയിട്ടു് കാലമേറെയായി. കാടിന്റെ വിസ്തീർണ്ണം കുറഞ്ഞുകുറഞ്ഞു വരികയും കാടിനോടു് ചേർന്നുള്ളതോ കാടുതന്നെയായിരുന്നതോ ആയ ഭൂമിയിൽ മനുഷ്യർ കടന്നുചെന്നു് കൃഷിചെയ്യാൻ തുടങ്ങുകയും ചെയ്ത കാലത്തു തുടങ്ങിയതാണു് ഈ സംഘർഷം. മനുഷ്യന്റെ ഉയർന്ന “സാങ്കേതിക”ശേഷി അവനെ ഈ സംഘർഷത്തിൽ എക്കാലത്തും വിജയിയാക്കി. മനുഷ്യർക്കുള്ള ഭക്ഷ്യധാന്യത്തിന്റെയും മറ്റും ക്ഷാമം വന്ന കാലത്തു് കാടുകൾ കൈയേറി കൃഷിചെയ്യാൻ സർക്കാർതന്നെ ആഹ്വാനംചെയ്തു. അങ്ങനെയാണു് അനേകംപേർ സഹ്യാദ്രിസാനുക്കളിലേക്കു് കുടിയേറിയതും കാടുകൾ തെളിച്ചു് കൃഷിചെയ്യാൻ തുടങ്ങിയതും. അതിനുമുമ്പുതന്നെ തേയില, റബ്ബർ തോട്ടങ്ങൾ തുടങ്ങിയിരുന്നു. ഇതെല്ലാം ബാധിച്ചതു് കാട്ടിലെ എല്ലാ മൃഗങ്ങളെയുമാണു്. മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കും ഭക്ഷണവും ജീവിക്കാനുള്ള ഇടവും വേണം എന്നു് മനുഷ്യൻ മനസ്സിലാക്കിയപ്പോഴേക്കു് വൈകിപ്പോയി. അന്നുതന്നെ കാടുകയ്യേറിയവരെ നാട്ടിലേക്കു് മടക്കാനുള്ള ശ്രമം തുടങ്ങേണ്ടതായിരുന്നു. അതു് ചെയ്യാതിരുന്നതു് മൃഗങ്ങളുടെ കുറ്റമല്ല, മനുഷ്യരുടേതാണു്. ഭൂമി മനുഷ്യന്റേതു മാത്രമാണെന്നു് വിശ്വസിച്ചിരുന്ന കാലത്തു് ഈ ആശയങ്ങൾ പറയാനോ പറഞ്ഞാൽത്തന്നെ ചെവിക്കൊള്ളാനോ ആരുമില്ലായിരുന്നു.പരിസ്ഥിതി എന്നതു് ഒരു പ്രശ്നമായിത്തീരുകയും കാടുകളുടെയും മറ്റു മൃഗങ്ങളുടെയും പ്രാധാന്യം മനുഷ്യൻ മനസ്സിലാക്കുകയും ചെയ്തപ്പോഴെങ്കിലും മനുഷ്യർ കാടുകളെ മൃഗങ്ങളുടെ നാടായി വിട്ടുകൊടുക്കേണ്ടതായിരുന്നു. അതും ചെയ്തില്ല. വനങ്ങൾ വനവാസികളുടെ സ്വന്തമാണെന്നും അതു് അവരെ ഏൽപ്പിക്കണമെന്നും ഇന്ത്യയിൽ നിയമം കൊണ്ടുവന്നിട്ടും സർക്കാരുകളുൾപ്പെടെ ആരും ഒന്നും ചെയ്തില്ല. അതിനുപകരം മൃഗങ്ങളെ ശത്രുക്കളായി കണ്ടു് വകവരുത്താനുള്ള നടപടികളുമായി മുന്നോട്ടുപോയി. അതിനു് ഈയൊരു പൈനാപ്പിളിൽ പടക്കം നിറച്ചുവച്ചവരെ തൂക്കിലേറ്റിയാൽ പരിഹാരമാകുമോ? അതാണോ ചെയ്യേണ്ടതു്? ആ ആനയുടെയും അതിന്റെ കുഞ്ഞിന്റെയും ദാരുണാന്ത്യത്തിനു് ഉത്തരവാദി ആ പൈനാപ്പിളിൽ പടക്കം വച്ച വ്യക്തിയോ കുടുംബമോ അല്ല. മാറിമാറിവന്ന സർക്കാരുകളുൾപ്പെടെ നാമെല്ലാമാണു്. ആ സത്യം തിരിച്ചറിയാതെ എന്തു് ചെയ്തിട്ടും ഒരു പ്രയോജനവുമില്ല. ജനങ്ങളെയും സർക്കാരുകളെയും ശിക്ഷിക്കാൻ ആരെങ്കിലും ഒരുമ്പെടുമോ? ആനയുടെ മരണത്തിൽ പ്രതിഷേധവുമായി വന്ന മനേകാഗാന്ധി? രത്തൻ ടാറ്റ? ഇല്ല, അല്ലേ?ഇനി ജനങ്ങൾ സ്വയം ചിന്തിച്ചുതുടങ്ങാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടികളും സ്വയം ചിന്തിക്കാൻ സന്നദ്ധരായ ജനതയും ഉണ്ടാകുന്നതുവരെ കഷ്ടകാലത്തിനു് ഇത്തരം മുദ്രാവാക്യങ്ങളുടെ പിന്നാലേ പോയി സിന്ദാബാദി വിളിക്കാൻ വിധിക്കപ്പെട്ടവരായിരിക്കും നമ്മൾ. കഷ്ടം, ഹാ “പ്രബുദ്ധ”ജനതയേ!