കേരളത്തിലെ മിന്നൽക്കാലാവസ്ഥ: ഒരു പഠനം

ആമുഖം

പ്രകൃതിയിലെ പ്രതിഭാസങ്ങളിൽവച്ചു് ഭൂമിയിലെ ജീവജാലങ്ങൾക്കു്, വിശേഷിച്ചു് മനുഷ്യനും മനുഷ്യന്റെ വസ്തുവകകൾക്കും വളരെയധികം നാശനഷ്ടമുണ്ടാക്കുന്ന ഒന്നാണു് ഇടിമിന്നൽ. ലോകത്താകമാനം പ്രതിവർഷം ശരാശരി 24,000 മനുഷ്യർ മിന്നലേറ്റു് മരിക്കുന്നുണ്ടെന്നാണു് കണക്കാക്കിയിട്ടുള്ളതു്. അതിന്റെ പത്തിരട്ടി മനുഷ്യർക്കാണു് പരിക്കേൽക്കുന്നതു് എന്നും. പ്രളയം, ഉരുൾപൊട്ടൽ, വരൾച്ച, കൊടുങ്കാറ്റ്, എന്നിങ്ങനെ പലവിധത്തിലുള്ള പ്രകൃതിദുരന്തങ്ങൾ ഇന്ത്യയിലുണ്ടാകുന്നുണ്ടെങ്കിലും അവയിൽവച്ചു് ഏറ്റവുമധികം മരണങ്ങൾക്കു് കാരണമാകുന്നതു് മിന്നലാണെന്നു് ദേശീയ ദുരന്തനിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ടു്. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും കേരളത്തിലെയും ജമ്മു-കാശ്മീരിലെയും ചില പ്രദേശങ്ങളിലും പ്രതിവർഷം ശരാശരി 80 ദിവസങ്ങളിൽ മിന്നലോ ഇടിമേഘങ്ങളോ ഉണ്ടാകുന്നുണ്ടു് എന്നാണു് കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ കണ്ടെത്തൽ എന്നും ഇന്ത്യയിൽ പ്രതിവർഷം ശരാശരി 2,500 പേർ മിന്നലിന്റെയും ഇടിമേഘത്തിൽനിന്നുണ്ടാകുന്ന ശക്തമായ മഴയുടെയും കാറ്റിന്റെയും ഫലമായും മരിക്കുന്നുണ്ടു് എന്നും അവരുടെ നയ-പദ്ധതി രേഖയിൽ (Policy-Plan document) എടുത്തുപറയുന്നുണ്ടു്. എന്നാൽ, 1979-2011 കാലഘട്ടത്തിലെ മിന്നലപകടങ്ങളെപ്പറ്റി കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുരുക്ഷേത്ര സർവ്വകലാശാലയിലെ ഓംവീർ സിങ്ങും ജഗ്ദീപ് സിങ്ങും ചേർന്നു നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ഇങ്ങനെയാണ്: ഏതാണ്ടു് 5259 പേരാണു് ഇന്ത്യയിൽ ഇടിമിന്നലിൽ മരിക്കുന്നതു്. ദേശീയ ദുരന്തനിവാരണഅതോറിറ്റിയുടെ നിഗമനവും കുരുക്ഷേത്ര ഓംവീർ സിങ്ങിന്റെയും മറ്റും നിഗമനവും തമ്മിലുള്ള ഈ വലിയ വ്യത്യാസത്തിനു് കാരണമായി ഓംവീർ സിങ്ങ് പറയുന്നതു് അവരുപയോഗിച്ച കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ ദത്തങ്ങളുടെ ഉയർന്ന വിശ്വസനീയതയാണു് എന്നാണു്.

ആദ്യത്തെ പഠനം

കേരളത്തിലെ മിന്നലപകടങ്ങളെപ്പറ്റി ആദ്യമായി വിശദമായ പഠനം നടത്തിയതു് തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ ഡോ. എസ്. മുരളീദാസും കൂട്ടരും ആണു്. 1986-2001 കാലഘട്ടത്തിലുണ്ടായ മിന്നലപകടങ്ങളെക്കുറിച്ചു് മലയാളം പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളും നഷ്ടപരിഹാരത്തിനായി വില്ലേജ് ആപ്പീസുകളിൽ നൽകിയ അപേക്ഷകളുടെ വിവരങ്ങളും ശേഖരിച്ചാണു് ആ പഠനം നടത്തിയതു്. ഇതിൽനിന്നു് കണ്ടെത്തിയതു് അന്നു് അവിശ്വസനീയമായി തോന്നിയ കാര്യങ്ങളാണു്: കേരളത്തിൽ പ്രതിവർഷം ശരാശരി 72 പേർ മിന്നലേറ്റു് മരിക്കുകയും 112ഓളം പേർക്കു് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടു് എന്നതായിരുന്നു ആ കണ്ടെത്തൽ. ഇതു് അക്കാലത്തു് സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ പലർക്കും വിശ്വസനീയമായി തോന്നിയില്ല, എങ്കിലും വിശദമായ വിവരങ്ങളുടെ സാന്നിദ്ധ്യത്തിൽ യാഥാർത്ഥ്യമായി അംഗീകരിക്കേണ്ടിവന്നു.

മുരളീദാസും കൂട്ടരും മുന്നോട്ടുവച്ച ഒരു ആശയമിതായിരുന്നു: പാശ്ചാത്യരാജ്യങ്ങളിൽ സുരക്ഷാമാർഗ്ഗമായി പറയുന്നതു് കെട്ടിടത്തിനുള്ളിലായിരിക്കുക എന്നതാണു്. എന്നാൽ കേരളത്തിൽ കണ്ടതു് മരണങ്ങൾ നടക്കുന്നതു് കെട്ടിടത്തിനുള്ളിലും പുറത്തും ഏതാണ്ടു് ഒരുപോലെയാണു് എന്നതാണു്. ഇതിനുള്ള കാരണം കെട്ടിടങ്ങൾ നിൽക്കുന്നതു് മിക്കപ്പൊഴും മരങ്ങളുടെ ഇടയിലാണു് എന്നതാണു്. മരത്തിൽ മിന്നൽ പതിക്കുകയും ആ വൈദ്യുതി ഭൂമിയിലൂടെ പ്രവഹിക്കുന്ന പാതയിൽ കെട്ടിടമിരിക്കുകയും ചെയ്യുമ്പോൾ അതിനുള്ളിലുള്ള മനുഷ്യർക്കും അപകടമുണ്ടാകാനിടയുണ്ടു്. കേരളത്തിൽ ഇടതിങ്ങിയുള്ള മരങ്ങളുടെ സാന്നിദ്ധ്യമാണു് ഇതിനു് കാരണമായി അവർ ചൂണ്ടിക്കാട്ടിയതു്. ഇതിനു പരിഹാരമായി അവർ മുന്നോട്ടുവച്ചതു് കെട്ടിടത്തിനു ചുറ്റിലുമായി കുഴിച്ചിടുന്ന വൈദ്യുതചാലകങ്ങളായ “റിങ് കണ്ടക്ട”റാണു്.

മുരളീദാസും കൂട്ടരും പഠനത്തിനുപയോഗിച്ചതു് ഇപ്പോൾ ഇരുപതിലധികം വർഷം പഴക്കമുള്ള ദത്തങ്ങളാണു്. കാലാവസ്ഥാവ്യതിയാനം ഇടിമേഘങ്ങളും അതിലൂടെ മിന്നലുകളും ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കാം എന്നൊരു അഭിപ്രായം ശാസ്ത്രജ്ഞർക്കിടയിലുണ്ടു്. അതുകൊണ്ടും സംസ്ഥാനാടിസ്ഥാനത്തിൽ മിന്നലപകടങ്ങളെപ്പറ്റി ഒരു ബോധവൽക്കരണപരിപാടി നടത്തുന്നതിനുവേണ്ടിയും ധനസഹായമില്ലാതിരുന്നതിനാൽ ഇന്റർനെറ്റിലൂടെ ലഭ്യമായ മിന്നലപകടങ്ങളുടെ റിപ്പോർട്ടുകളെ മാത്രം ആശ്രയിച്ചുകൊണ്ടു് ഒരു വിവരശേഖരണം 2014-15 കാലഘട്ടത്തിൽ നടത്തുകയുണ്ടായി. സിസ്സ (Centre for Innovation in Science and Social Action, CISSA) എന്ന സംഘടന സ്ഥാപിച്ച ലാർക്ക് (Lightning Awareness and Research Centre, LARC) എന്ന പദ്ധതിയുടെ കീഴിലായിരുന്നു വിവരശേഖരണം നടത്തിയതു്. ആ ദത്തങ്ങളുപയോഗിച്ചുള്ള പഠനത്തിന്റെ ഫലങ്ങളാണു് ഈ ലേഖനത്തിൽ വിവരിക്കുന്നതു്. അവ ഏറെക്കുറെ മുരളീദാസും കൂട്ടരും നടത്തിയ വിശദമായ പഠനത്തെ പിൻതുണയ്ക്കുന്നുണ്ടു്. എന്നാൽ ദത്തങ്ങളുടെ പരിമിതിമൂലം ആ പഠനവുമായി നേരിട്ടു് താരതമ്യപ്പെടുത്താനാവില്ല. അതിനായി ഏതാണ്ടു് അതേരീതിയിലുള്ള പുതിയ പഠനം ധനസഹായം ലഭിച്ചാൽ നടത്താനുദ്ദേശിക്കുന്നുണ്ടു്. തൽക്കാലം ഈ പുതിയ പഠനം നൽകിയ വിവരങ്ങളും മുരളീദാസിന്റെയും മറ്റും പഠനവുമായി താരതമ്യപ്പെടുത്തുമ്പോൾ മനസ്സിലാകുന്ന കാര്യങ്ങളും പരിശോധിക്കാം.

ആദ്യമായി, മുരളീദാസിന്റെ പഠനത്തിൽ കണ്ട കാര്യങ്ങൾ എന്തായിരുന്നു എന്നു നോക്കാം. പതിനഞ്ചുവർഷത്തെ ശരാശരി എടുക്കുമ്പോൾ 1986-2001 കാലഘട്ടത്തിൽ പ്രതിവർഷം 72 പേർ മരിക്കുകയും 112ഓളം പേർക്കു് പരിക്കു പറ്റുകയും ചെയ്തു എന്നതാണു് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. ഇതു് അവിശ്വസനീയമായിരുന്നു എന്നതുകൊണ്ടുതന്നെ മിന്നൽ എന്ന പ്രതിഭാസത്തിലേക്കും ഒരു പ്രകൃതിദുരന്തം എന്ന നിലയ്ക്കു് അതിനുള്ള പ്രാധാന്യത്തിലേക്കും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ഇതിന്റെയുംകൂടി ഫലമായിട്ടാണു് ലാർക്ക് എന്ന സ്ഥാപനം തുടങ്ങിയതും അതു നടത്താനായി ഈ ലേഖകനെ ക്ഷണിച്ചതും.

കൂടുതൽ വിശദമായി പരിശോധിക്കുമ്പോൾ, സെസ് പഠനത്തിന്റെ റിപ്പോർട്ടനുസരിച്ചു് ഏറ്റവുമധികം മരണങ്ങൾ നടന്നതു് മലപ്പുറത്തും (10) രണ്ടാമതായി തിരുവനന്തപുരം, കോഴിക്കോടു്, കണ്ണൂർ ജില്ലകളിലും (8 വീതം) മൂന്നാമതായി കൊല്ലം, കോട്ടയം ജില്ലകളിലും (7 വീതം) ആണെന്നു കാണാം. ആ കാലഘട്ടത്തിൽ ഏറ്റവും കുറച്ചു് മിന്നലപകടങ്ങൾ ഉണ്ടായതു് തൃശൂർ (1), പാലക്കാടു് (2), വയനാടു് (1) ജില്ലകളിലായിരുന്നു. ഇതിനുള്ള കാരണം മനസ്സിലാക്കാനായി മിന്നലുണ്ടാക്കുന്ന ഇടിമേഘങ്ങൾ എങ്ങനെയാണു് ഉണ്ടാകുന്നതു് എന്നറിയണം. ധാരാളം ഈർപ്പമുള്ള വായു മുകളിലേക്കുയരുമ്പോൾ അതിലുള്ള നീരാവി തണുത്തു് വെള്ളമായി മാറുകയും ആ പ്രക്രിയയിൽ നീരാവിയിലടങ്ങിയ ലീനതാപം പുറത്തുവിടുകയും ചെയ്യുന്നു. ഇതു് വായുവിന്റെ മുകളിലേക്കുള്ള യാത്രയെ സഹായിക്കുകയാണു് ചെയ്യുന്നതു്. അങ്ങനെ അതു് കൂടുതൽ ശക്തമായി ഉയരുകയും കൂടുതൽ നീരാവി വെള്ളമായി മാറുകയും ചെയ്യുന്നു. വായു കുറേ മുകളിലെത്തുമ്പോൾ അവിടത്തെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്സിൽ കുറവാകുകയും അങ്ങനെ നീരാവിയും ജലത്തുള്ളികളും കൂടാതെ ഐസ് കണങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഫലമായി അതിനുള്ളിൽ വൈദ്യുതചാർജുകൾ വേർപെടുകയും ധനചാർജുകൾ പൊതുവെ മുകളിലേക്കും ഋണചാർജുകൾ കൂടുതലായി താഴേക്കും നീങ്ങുകയും ചെയ്യുന്നു. ഈ ചാർജ് ശേഖരങ്ങൾക്കിടയിലും മേഘത്തിൽനിന്നു് ഭൂമിയിലേക്കുമാണു് മിന്നലുകൾ ഉണ്ടാകുന്നതു്. എന്നാൽ, വായു മുകളിലേക്കു് ഉയരുന്ന പ്രക്രിയയ്ക്കു് തുടക്കം കുറിക്കാൻ എന്തെങ്കിലും ഒരു കാരണം ആവശ്യമാണു്. അതിനായി സഹായിക്കാറുള്ള ഒരു കാര്യം എന്തെങ്കിലും കൂട്ടിയിട്ടു് തീയിടുന്നതാണു്. കപ്പക്കൃഷി ചെയ്യുന്നയിടങ്ങളിൽ കപ്പ വിളവെടുത്തു കഴിഞ്ഞാൽ അതിന്റെ കമ്പും മറ്റും കൂട്ടിയിട്ടു് തീയിടുന്ന പതിവുണ്ടായിരുന്നു എന്നും പലപ്പോഴും വേനൽക്കാലത്തു് മഴയുണ്ടായിരുന്നതു് അങ്ങനെയാണു എന്നും തിരുവനന്തപുരത്തെ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലെ ഒരു മുൻ ഡയറക്ടർ പറഞ്ഞതു് ഓർക്കുന്നു. ഇതുപോലെതന്നെയാണു് യാഗങ്ങൾക്കുശേഷം പന്തലിനു തീയിടുമ്പോൾ മഴ പെയ്യുന്നതും കാട്ടുതീയുണ്ടാകുമ്പോൾ അതേത്തുടർന്നു് ചിലപ്പോൾ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുന്നതും. എന്നാൽ, ഇപ്പോൾ കേരളത്തിൽ വേനൽമഴയുണ്ടാകുന്നതു് പ്രധാനമായി മറ്റൊരു പ്രതിഭാസത്തിലൂടെയാണു് എന്നാണു് മുരളീദാസും കൂട്ടരുംതന്നെ കണ്ടെത്തിയതു്. അതെങ്ങനെയാണെന്നു് ബോക്സ-1ൽ ചരുക്കി വിവരിച്ചിരിക്കുന്നു.

ബോക്സ് 1: ഇടിമേഘമുണ്ടാകുന്നതെങ്ങനെ

പകൽസമയത്തു് കര വേഗത്തിൽ ചൂടാകുന്നു, പക്ഷെ കടൽജലം ചൂടാകാൻ കൂടുതൽ സമയമെടുക്കുന്നു. താപനിലയിലുള്ള ഈ വ്യത്യാസംനിമിത്തം കടലിൽനിന്നു് കരയിലേക്കു് വീശുന്ന കാറ്റിനെയാണു് നമ്മൾ കടൽക്കാറ്റു് എന്നു വിളിക്കുന്നതു്. വീതികുറഞ്ഞ സംസ്ഥാനമെന്ന നിലയ്ക്കു് അറബിക്കടലിൽനിന്നു് വീശുന്ന ഈ കാറ്റു് സഹ്യപർവ്വതംവരെ എത്തുകയും പർവ്വതത്തിന്റെ സാന്നിദ്ധ്യത്താൽ മുകളിലേക്കു് ഉയരുകയും ചെയ്യുന്നു. അങ്ങനെ വായുചംക്രമണം തുടങ്ങിവച്ചുകഴിഞ്ഞാൽ മേഘമുണ്ടാകാനുള്ള എല്ലാ സാഹചര്യവും ഒരുങ്ങിക്കഴിഞ്ഞു. കടലിനു മുകളിൽനിന്നു വരുന്ന വായുവായതിനാൽ ധാരാളം ഈർപ്പമുള്ള ഈ വായു മുകളിലേക്കുയരുമ്പോൾ അതു് ആദ്യം ക്യുമുലസ് എന്ന വെളുത്ത പഞ്ഞിക്കെട്ടുപോലെയുള്ള മേഘമായിത്തീരുകയും പിന്നീടു് അതു് കറുത്തിരുണ്ട കൂറ്റൻ ക്യുമുലോനിംബസ് എന്ന ഇടിമേഘമായി പരിണമിക്കുകയും ചെയ്യുന്നു.

ചിത്രം 1: ഒരു ക്യുമുലോനിംബസ് മേഘം. അടിയിൽ മഴ കാണാം. (കടപ്പാടു്: വിക്കിപ്പീഡിയ)

അങ്ങനെ, കേരളത്തിൽ ഇടിമേഘമുണ്ടാകാനായി സഹ്യപർവ്വതം സഹായിക്കുന്നുണ്ടു് എന്ന കാര്യം മനസ്സിലാക്കിക്കഴിഞ്ഞാൽ, തൃശൂർ, പാലക്കാടു്, മലപ്പുറം ജില്ലകളിൽ എന്തുകൊണ്ടാണു് മിന്നലപകടങ്ങൾ കുറയുന്നതു് എന്നു മനസ്സിലാക്കാൻ കേരളത്തിലെ സഹ്യാദ്രിയെപ്പറ്റി അറിഞ്ഞാൽമതി. ഈ പർവ്വതനിരയക്കു് രണ്ടു ഭാഗത്തായാണു് വിടവുകളുള്ളതു്. അതിൽ പ്രധാനപ്പെട്ടതു് പാലക്കാടിനു കിഴക്കുഭാഗത്തായുള്ള പാലക്കാടു് ചുരമാണു്. മനുഷ്യർക്കും ചരക്കുകൾക്കും കേരളത്തിലേക്കു് വരാനും പുറത്തേക്കു പോകാനും സഹായിക്കുന്ന ഈ ചുരങ്ങൾതന്നെ ആ ഭാഗത്തു് ഇടിമേഘങ്ങൾ കൂടുതലായി ഉണ്ടാകാതിരിക്കാൻ കാരണമാകുന്നു. ഇതുപോലെ മറ്റൊരു ചുരത്തിന്റെ സാന്നിദ്ധ്യംകൊണ്ടുതന്നെയാവണം ഇടുക്കി (3), എറണാകുളം (3), പത്തനംതിട്ട (4) ജില്ലകളിലും മിന്നലപകടങ്ങൾ താരതമ്യേന കുറവായിരിക്കുന്നതു്.

മുരളീദാസും കൂട്ടരും ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം കേരളത്തിന്റെ പ്രത്യേകതയാണു്. മിന്നലിൽനിന്നു് രക്ഷപ്പെടാനായി പാശ്ചാത്യരാജ്യങ്ങളിൽ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം, കെട്ടിടത്തിനുള്ളിലായിരിക്കുക എന്നതാണണു് ഇടി മുഴങ്ങുമ്പോൾ ഉള്ളിലേക്കു പോകുക (When thunder roars, go indoors, ചിത്രം 2 നോക്കൂ) എന്നാണു് ജനങ്ങൾ കൂടുതലായി വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ അവർ എഴുതിവയ്ക്കുന്നതു്. എന്നാൽ, കേരളത്തിൽ കെട്ടിടത്തിനുള്ളിലിരിക്കുന്നവർക്കും അപകടമുണ്ടാകുന്നുണ്ടു് എന്നതാണു് അവസ്ഥ. ഇതിനുള്ള കാരണമായി മുരളീദാസും കൂട്ടരും പറയുന്നതു് ഇതാണു്: കേരളത്തിൽ ഏതാണ്ടു് എല്ലായിടത്തും മരങ്ങളുടെ നടുവിലായാണു് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നതു്. അടുത്തുള്ള ഒരു മരത്തിൽ മിന്നലേറ്റാൽ ആ മിന്നലിലെ വൈദ്യുതി പ്രവഹിക്കുന്നതു് പലപ്പോഴും കെട്ടിടമിരിക്കുന്ന പ്രദേശത്തുകൂടിയായിരിക്കും. ഇതു് ശക്തമായ വൈദ്യുതപ്രവാഹമായതിനാൽ അതിന്റെ പാതയിലെ രണ്ടിടങ്ങൾക്കിടയിൽ വലിയ വോൾട്ടത ഉണ്ടാകുന്നു. അങ്ങനെ ആ ഭാഗത്തു് ആരെങ്കിലും രണ്ടിടങ്ങളിൽ ശരീരം സ്പർശിക്കുന്ന വിധത്തിൽ നിലകൊണ്ടാൽ ആ ശരീരത്തിലൂടെ ശക്തമായ വൈദ്യുതപ്രവാഹമുണ്ടാകാനുള്ള നല്ല സാദ്ധ്യതയുണ്ടു്. ഇതുണ്ടാകാതിരിക്കാനായി രണ്ടിടങ്ങളിൽ ശരീരം സ്പർശിക്കാത്ത വിധത്തിൽ നിലകൊള്ളുകയോ കെട്ടിടത്തിനുള്ളിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകാതിരിക്കാനായി അതിനു ചുറ്റിലുമായി ഒരു ‘റിങ് കണ്ടക്ടർ’ സ്ഥാപിക്കുകയോ ചെയ്യണം.

ഇടി മുഴങ്ങുമ്പോൾ കെട്ടിടത്തിനുള്ളിൽ പോകണമെന്നു് നിർദ്ദേശിക്കുന്ന ഇത്തരം ബോർഡുകൾ അമേരിക്കയിൽ വിനോദസഞ്ചാരികൾ കൂടുന്ന സ്ഥലങ്ങളിൽ കാണാം. (കടപ്പാടു്: NOAA / National Weather Service / Public domain)

പുതിയ പഠനം

ആദ്യപഠനത്തിലെ കണ്ടെത്തലുകൾ ഏതാണ്ടെല്ലാം ശരിവയ്ക്കുന്നതുതന്നെയാണു് പുതിയ പഠനവും. എന്നാൽ, ഒരു കാര്യം ഓർമ്മിക്കേണ്ടതു്, മുരളീദാസിന്റെ പഠനത്തിനായി ഉപയോഗിച്ച അത്രയും ദത്തങ്ങൾ പുതിയ പഠനത്തിനായി ലഭ്യമായില്ല എന്നതാണു്. മൂന്നു് മലയാളം പത്രങ്ങളിൽ പതിനഞ്ചു വർഷമായി വന്ന റിപ്പോർട്ടുകളും വില്ലേജ് ആപ്പീസുകളിൽ ലഭിച്ച പരാതികളുമാണു് അവരുപയോഗിച്ചതെങ്കിൽ ഇന്റർനെറ്റിൽ ലഭ്യമായ റിപ്പോർട്ടുകൾ മാത്രമാണു് പുതിയ പഠനത്തിനായി ഉപയോഗിക്കാനായതു്. ഇക്കാരണത്താൽ താരതമ്യേന വളരെ കുറച്ചു് അപകടങ്ങളുടെ വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂ. അവയിൽനിന്നു മനസ്സിലാകുന്ന കാര്യങ്ങൾ താഴെപ്പറയുന്നവയാണു്.

ആദ്യപഠനത്തിൽ കണ്ടതുപോലെതന്നെ പാലക്കാടു് ചുരത്തിനു പടിഞ്ഞാറുവശത്തുള്ള പ്രദേശത്തു് മിന്നലപകടങ്ങൾ താരതമ്യേന കുറവാണു്. 2014ൽ 32ഉം 2015ൽ 37ഉം മരണങ്ങൾ മാത്രമാണു് കാണുന്നതു്. ഇതു് തീർച്ചയായും മരണനിരക്കു് കുറഞ്ഞതായുള്ള സൂചനയല്ല, മറിച്ചു് ലഭിച്ച വിവരങ്ങളിലുണ്ടായ കുറവു മാത്രമാവാനാണു് സാദ്ധ്യത. ആദ്യത്തെ പഠനംപോലെ വിശദമായ പഠനം നടത്തിയാൽ അപകടനിരക്കിൽ മാറ്റമുണ്ടായിട്ടുണ്ടോ എന്നറിയാനാവും. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി മിന്നലുകളുണ്ടാകുന്നതിൽ വർദ്ധനയുണ്ടാകും എന്നുതന്നെയാണു് ശാസ്ത്രജ്ഞർ കരുതുന്നതു്.

കെട്ടിടത്തിനകത്തുവച്ചാണോ പുറത്തുവച്ചാണോ മരണമുണ്ടായതു് എന്നു റിപ്പോർട്ടുചെയ്തതെല്ലാം ഈ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നതിന്റെ ഫലമായി അവയുടെ എണ്ണം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടു്. അതിൽനിന്നു കണ്ട കാര്യം മുരളീദാസും കൂട്ടരും പറഞ്ഞതുപോലെതന്നെ തമ്മിൽ വലിയ വ്യത്യാസമില്ല എന്നാണു്, കെട്ടിടത്തിനു പുറത്താണു് കൂടുതൽ മരണങ്ങൾ നടന്നതെങ്കിലും അവയുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസമില്ല എന്നാണു് കാണുന്നതു്. കേരളത്തിൽ മൊത്തം മരണങ്ങൾ 2014ൽ 32 ആയിരുന്നപ്പോൾ അതിൽ 13 എണ്ണം കെട്ടിടത്തിനുള്ളിൽവച്ചും 17 എണ്ണം പുറത്തുവച്ചുമാണു്. രണ്ടെണ്ണം മാത്രം എവിടെവച്ചാണുണ്ടായതു് എന്നു് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ അറിവില്ല. അതുകൊണ്ടു്, മിന്നൽച്ചാലകം സ്ഥാപിച്ചതുകൊണ്ടുമാത്രം കെട്ടിടത്തിനുള്ളിലിരിക്കുന്നവർക്കു് രക്ഷയാകണമെന്നില്ല എന്ന കാര്യം ഉറപ്പിക്കുന്നതാണു് ഈ പഠനഫലങ്ങൾ.

അതുപോലെതന്നെ ഈ പഠനത്തിൽ 2014 വർഷത്തിൽ തൃശൂർ, പാലക്കാടു് ജില്ലകളിൽ ഒരു മരണംപോലും രേഖപ്പെടുത്തിയിട്ടില്ല എന്നതു് ശ്രദ്ധേയമാണു്. ഇതും ദത്തങ്ങളുടെ പരിമിതിയായി കാണാവുന്നതാണു്. 2014ൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയതു് തിരുവനന്തപുരത്തും (6) എറണാകുളത്തുമാണു് (5) എന്നതും ശ്രദ്ധേയമാണു്. എന്നാൽ, 2015ൽ ഏറ്റവും കുറച്ചു മരണങ്ങൾ കാണുന്നതു് മലപ്പുറത്തും (0) പിന്നെ എറണാകുളത്തും തൃശൂരുമാണു് (1 വീതം). ദത്തങ്ങളുടെ പരിമിതിമൂലം ഈ സംഖ്യകൾ കൃത്യമാവണമെന്നില്ല.

2018ലെ സ്ഥിതി

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ തങ്ങളുടെ വാർഷികറിപ്പോർട്ടിൽ പ്രകൃതിദുരന്തങ്ങളിൽ അകപ്പെട്ടു് മരിക്കുന്നവരുടെ സംഖ്യയും കൊടുക്കാറുണ്ടു്. ആ കണക്കനുസരിച്ചു് കേരളത്തിൽ 2018ൽ മിന്നലേറ്റു് മരിച്ചവരുടെ എണ്ണം 25 ആണു്. ഇതിൽ 13 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടുന്നു. ഇവിടെ ജില്ലതിരിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. 2019ലെ റിപ്പോർട്ടു് ലഭ്യമായിട്ടില്ല.

അതുകൊണ്ടു്, മരണങ്ങൾ കുറഞ്ഞുവരുന്നുണ്ടു് എന്നതു് സത്യമാണു്. മിന്നലപകടങ്ങളിൽനിന്നു് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളെപ്പറ്റി ജനങ്ങളിൽ പല മാർഗ്ഗത്തിലൂടെ ഉണ്ടായ അറിവുതന്നെയാവണം ഈ കുറവിനു് കാരണം. എന്നാൽ മേൽപ്പറഞ്ഞ വിവരങ്ങൾ എല്ലാം ഒരേരീതിയിൽ ലഭിച്ചവയല്ലാത്തതിനാൽ പരസ്പരം താരതമ്യപ്പെടുത്തുന്നതിൽ തെറ്റുണ്ടാകാം. അതുകൊണ്ടു് മുരളീദാസും കൂട്ടരും ചെയ്ത അതേ രീതിയിൽത്തന്നെ ഒരിക്കൽക്കൂടി പഠനം നടത്തിയാലേ വാസ്തവത്തിൽ എന്തു മാറ്റമാണുണ്ടായിട്ടുള്ളതു് എന്നു് കൃത്യമായി അറിയാനാകൂ.

ഉപസംഹാരം

ഡോ. മുരളീദാസിന്റെയും കൂട്ടരുടെയും പഠനം കണ്ടെത്തിയ കാര്യങ്ങൾക്കു് സ്ഥിരീകരണം മാത്രമാണു് ഈ പഠനംകൊണ്ടു് നേടിയതു്. സംസ്ഥാനത്തിൽ മുഴുവനുമായി മിന്നലിനെപ്പറ്റി ഒരു ബോധവൽക്കരണ പരിപാടി നടത്തുന്നതിനുവേണ്ടി പ്രാഥമികമായ വിവരങ്ങൾ നേടുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ വിവരശേഖരണത്തിൽനിന്നു് ലഭിച്ച ദത്തങ്ങളാണു് ഈ പഠനത്തിനായി ഉപയോഗിച്ചതു്. എങ്കിലും, ആദ്യപഠനത്തിലെ കണ്ടെത്തലുകൾ പൊതുവിൽ സ്ഥിരീകരിക്കുന്നവയാണു് ഈ ഫലങ്ങൾ എന്നതിനു സംശയമില്ല. പാലക്കാടു് ചുരത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളിൽ മിന്നലപകടങ്ങളുടെ തോതു് കുറവാണെന്നുള്ളതും കെട്ടിടത്തിനുള്ളിലായാലും പുറത്തായാലും അപകടസാദ്ധ്യതയിൽ വലിയ വ്യത്യാസമില്ല എന്നതും ശ്രദ്ധേയമാണു്. കൂടുതൽ വിശദമായ പഠനം സാമ്പത്തികസഹായം കിട്ടുന്നതനുസരിച്ചു് നടത്തുമെങ്കിലും ഇപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില ആശയങ്ങൾ മുന്നോട്ടുവയ്ക്കാമെന്നു കരുതുന്നു.

ഒന്നാമതായി, മിന്നലപകടമുണ്ടാകുമ്പോൾ സർക്കാരിൽനിന്നു് നഷ്ടപരിഹാരം നൽകുക എന്ന സമ്പ്രദായമാണു് ഇപ്പോൾ നിലവിലുള്ളതു്. എന്നാൽ, അതിനുപകരമായി, മിന്നൽ കൂടുതലായി ഉണ്ടാകുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്കു് പൂർണ്ണമായ മിന്നൽസുരക്ഷ നൽകുന്നതിനാവശ്യമായ സംവിധാനങ്ങൾ സ്ഥാപിക്കാനായി ആവശ്യമുള്ളവർക്കു് ധനസഹായം നൽകാനുള്ള ഒരു പദ്ധതി ആവിഷ്ക്കരിക്കുകയും മരങ്ങൾക്കു് മിന്നൽമൂലം നഷ്ടമുണ്ടാകുന്നതിനു് ഇൻഷ്വറൻസ് കമ്പനികളുമായി യോജിച്ചു് മരങ്ങളെ ഇൻഷ്വർ ചെയ്യാനുള്ള പദ്ധതി രൂപീകരിക്കുകയും ചെയ്താൽ മരണങ്ങൾ കുറയ്ക്കുകയും കൃഷിനാശത്തിനു് ഇൻഷ്വറൻസിലൂടെ നഷ്ടപരിഹാരം ലഭിക്കുന്നതിനു് അവസരമുണ്ടാക്കുകയും ചെയ്യാനാകും. ഇതു് മരണശേഷം നഷ്ടപരിഹാരം നൽകുന്നതിനെക്കാൾ നല്ലതായിരിക്കും എന്നതിനു് സംശയമില്ല.

അതുപോലെ, വിനോദയാത്രികരും മറ്റും കൂടാൻ ഇടയുള്ള സ്ഥലങ്ങളിൽ മിന്നൽരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ച ചെറിയ പുരകൾ നിർമ്മിക്കുകയും ദൂരെ ഇടിയുടെ ശബ്ദം കേൾക്കുമ്പോൾത്തന്നെ പുരയ്ക്കുള്ളിൽ കയറണം എന്നു് എല്ലാവരും കാണത്തക്ക വിധത്തിൽ എഴുതിവയ്ക്കുകയും ചെയ്യുന്നതും മരണനിരക്കു് കുറയ്ക്കാൻ സഹായിക്കും. ഈ പുരകൾ ലഘുഭക്ഷണശാലകളായി പ്രവർത്തിപ്പിക്കുന്നതിലൂടെ കുറച്ചുപേർക്കു് തൊഴിലുമാകും, ഇതിനാവശ്യമായ പണം തിരിച്ചുകിട്ടാനുള്ള മാർഗ്ഗവുമാകും. വാഗമൺ പോലെയുള്ള കുന്നിൻമുകളിൽ വിനോദസഞ്ചാരികൾ വരുന്നയിടങ്ങളിൽ ഇതിനു് സവിശേഷ പ്രാധാന്യമുണ്ടു്.

പല മരണങ്ങളും നടക്കുന്നതു് കായലിലോ കടലിലോ മത്സബന്ധനത്തിനു പോകുന്ന സമയത്താണു്. ബോട്ടുകളിൽ മിന്നൽരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കാവുന്നതാണു്. അത്തരം സംവിധാനങ്ങളുള്ള ബോട്ടുകളിൽ മാത്രമേ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകാൻ ഇടയുള്ള സമയങ്ങളിൽ കായലിലേക്കോ കടലിലേക്കോ പോകാവൂ എന്ന നിബന്ധന ഏർപ്പെടുത്തുന്നതു് നന്നായിരിക്കും. അതുപോലെതന്നെ മിന്നൽസുരക്ഷ ഇല്ലാത്ത ബോട്ടുകളിലും വള്ളങ്ങളിലും അതിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ ഏർപ്പാടു ചെയ്യുന്നതും അഭികാമ്യമാണു്.

Published by climatekerala

We are a new project that is started to study climate change in Kerala in all its aspects. The study will start as soon as funding is available.

One thought on “കേരളത്തിലെ മിന്നൽക്കാലാവസ്ഥ: ഒരു പഠനം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: