മലയാള മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചുവന്ന ഈ ലേഖനമാണു് ഇപ്പോൾ ഇതെഴുതുന്നതിനു് പ്രചോദനമായതു്. 2012ൽ കേരളത്തിൽ മിന്നൽമൂലം 72 മരണങ്ങളുണ്ടായതു് തങ്ങളുടെ ശ്രമഫലമായി 2019ൽ 4 ആയി കുറഞ്ഞു എന്നാണു് സംസ്ഥാന പ്രകൃതിദുരന്തനിവാരണ അതോറിറ്റിയുടെ തലവനായ ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് ഈ റിപ്പോർട്ടിൽ പറയുന്നതു്. അതിന്റെ സത്യാവസ്ഥയുടെ കാര്യം പിന്നീടു വിശദീകരിക്കാം. അതിനുമുമ്പു് അതിൽ പറയുന്ന വസ്തുതകളായ 2012ൽ 72 മരണങ്ങളുണ്ടായി എന്നതും മറ്റും പരിശോധിക്കാം.
ഡോ. കുര്യാക്കോസ് ഇതിനായി അവലംബിക്കുന്നതു് എന്റെ സഹപ്രവർത്തകനായിരുന്ന ഡോ. മുരളീ ദാസ് നടത്തിയ പഠനമാണു്. ആ പഠനം പ്രസിദ്ധീകരിച്ചതു് റിപ്പോർട്ടിൽ പറയുന്നതുപോലെ 2012ലല്ല, 2004ലാണു്. മാത്രമല്ല, 1986-2001 കാലഘട്ടത്തിലെ മിന്നലപകടങ്ങളുടെ വിവരങ്ങളാണു് അതിനായി ഉപയോഗിച്ചതു്. ആ കാലഘട്ടത്തിൽ പ്രതിവർഷം ശരാശരി 72 മരണങ്ങൾ മിന്നൽമൂലം ഉണ്ടായി എന്നും 112ഓളം പേർക്കു് മിന്നലിൽനിന്നു് പരിക്കേറ്റു എന്നുമാണു് അവർ കണ്ടെത്തിയതു്. അക്കാലത്തു് അതു് അവിശ്വസനീയമായിരുന്നു.
മുരളീദാസിന്റെയും കൂട്ടരുടെയും പഠനഫലങ്ങളാണു് മിന്നൽ ഒരു വലിയ പ്രകൃതിദുരന്തമാണു് എന്ന വസ്തുത ജനങ്ങളിലേക്കും സർക്കാരിലേക്കും എത്തിച്ചതു്. ഈ അറിവിന്റെ ഫലമായാണു് 2015 ജൂൺമാസത്തിൽ സംസ്ഥാനവ്യാപകമായ ഒരു ബോധവൽക്കരണപരിപാടി സിസ്സ (Centre for Innovation in Science and Social Action, CISSA) എന്ന സർക്കാരേതര സംഘടനയുടെ ഭാഗമായി ഉണ്ടാക്കിയ ലാർക്ക് (Lightning Awareness and Research Centre, LARC) എന്ന പ്രോജക്ടിന്റെ ആദ്യപരിപാടിയായി കേരളസർക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ചതു്. എല്ലാ ജില്ലയിലും ഹൈസ്ക്കൂൾ അദ്ധ്യാപകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവൽക്കരണപരിപാടി നടത്തുകയും അതിന്റെ തുടർച്ചയായി സ്ക്കൂളുകളിൽ അദ്ധ്യാപകർതന്നെ ബോധവൽക്കരണപരിപാടി നടത്തുകയും ചെയ്തു. ഇതിനുള്ള പ്രാരംഭനടപടി എന്ന നിലയ്ക്കു് 2014ലും 2015ലും ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന മിന്നലപകടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമാഹരിക്കുകയും പിന്നീടു് ആ വിവരങ്ങൾ പഠനവിധേയമാക്കുകയുമുണ്ടായി. അതിൽനിന്നു കണ്ടെത്തിയ കാര്യങ്ങൾ ഏതാണ്ടു് ഇപ്രകാരമാണു്:
- മൊത്തത്തിൽ പറഞ്ഞാൽ, ആദ്യപഠനത്തിലെ കണ്ടെത്തലുകൾ പൊതുവിൽ സ്ഥിരീകരിക്കുന്നവയാണു് ഈ ഫലങ്ങൾ.
- രണ്ടുവർഷത്തെ മാത്രം, അതും ഓൺലൈൻ പത്രങ്ങളിലേതുമാത്രം, വിവരങ്ങളടങ്ങിയതാണു് ഈ പഠനം എന്നതിനാലാവാം, ഓരോവർഷവും ഉണ്ടായ മരണങ്ങളുടെ എണ്ണം കുറവായി കണ്ടതു്, 2014ൽ 31ഉം 2015ൽ 37ഉം. പക്ഷെ അതുപോലും മനോരമയിലെ റിപ്പോർട്ടിൽ പറയുന്നതുപോലെ പത്തിൽ താഴെയായിരുന്നില്ല.
- പാലക്കാടു് ചുരത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളിൽ മിന്നലപകടങ്ങളുടെ തോതു് കുറവാണെന്നുള്ളതു് ആദ്യപഠനത്തിൽ കണ്ടതുപോലെതന്നെ ഇത്തവണയും കാണാനായി.
- കെട്ടിടത്തിനകത്തായാലും പുറത്തായാലും മരണനിരക്കിൽ കാര്യമായ വ്യത്യാസമില്ല എന്നതായിരുന്നു രണ്ടു പഠനങ്ങളും കാണിച്ചതു്. പാശ്ചാത്യരാജ്യങ്ങളിലെ അനുഭവം മറിച്ചാണു്. അവിടെ കെട്ടിടത്തിനുള്ളലായിരിക്കുന്നതു് കൂടുതൽ സുരക്ഷിതമാണു്. കേരളത്തിൽ ഇടതൂർന്നുള്ള മരങ്ങളാണു് ഈ വ്യത്യാസത്തിനു കാരണം എന്നാണു് മുരളീദാസും കൂട്ടരും അഭിപ്രായപ്പെട്ടതു്. ഇതിനുള്ള പരിഹാരമായി അവർ നിർദ്ദേശിച്ചതു് കെട്ടിടത്തിനുചുറ്റിലുമായി “റിങ് കണ്ടക്ടർ” സ്ഥാപിക്കുക എന്നതാണു്.
ഇതുംകൂടാതെ, നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2018ലെ റിപ്പോർട്ടിൽ പറയുന്നതനുസരിച്ചു് ആ വർഷം കേരളത്തിൽ 13 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടെ 25 പേർ മിന്നലേറ്റു മരിച്ചു എന്നാണു്. അതുകൊണ്ടു്, മരണങ്ങൾ കുറഞ്ഞുവരുന്നുണ്ടു് എന്നതു് സത്യമാണു്. മിന്നലപകടങ്ങളിൽനിന്നു് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളെപ്പറ്റി ജനങ്ങളിൽ പല മാർഗ്ഗത്തിലൂടെ ഉണ്ടായ അറിവുതന്നെയാവണം ഈ കുറവിനു് കാരണം.
സത്യാവസ്ഥ ഇതായിരിക്കെ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചുവന്ന റിപ്പോർട്ടു് ആശയക്കുഴപ്പമുണ്ടാക്കുന്നതാണു്. മിന്നലിൽനിന്നുള്ള അപകടം കുറയ്ക്കാനായി ഓരോരുത്തരും കരുതൽനടപടികൾ സ്വീകരിക്കുക എന്ന മാർഗ്ഗം മാത്രമേയുള്ളൂ. എന്തോ വിദ്യയിലൂടെ മിന്നലൽമൂലുണ്ടാകുന്ന മരണങ്ങൾ കുറയ്ക്കാനായി എന്നു് ചിലരെങ്കിലും ധരിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞതതിനാലാണു് ഇത്രയും ഇവിടെ എഴുതുന്നതു്.