കേരളത്തിൽ മിന്നൽമൂലമുള്ള അപകടങ്ങളുണ്ടാകുന്നതു് എല്ലാ വർഷവും രണ്ടു കാലങ്ങളിലാണു്: കാലവർഷത്തിനുമുമ്പുള്ള ചൂടുകാലത്തും തുലാവർഷക്കാലത്തും. മാർച്ചുമാസം ആയതോടെ ചൂടുകാലം ആരംഭിച്ചു, മിന്നലിന്റെ കാലം ഉടനേതന്നെ തുടങ്ങും.
തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രത്തിൽ ഡോ. എസ്. മുരളീദാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ നടന്ന പഠം കാണിച്ചതു് കേരളത്തിൽ പ്രതിവർഷം ശരാശരി 72 പേർ മിന്നലേറ്റു മരിക്കുകയും 115ഓളം പേർക്കു് പരിക്കേൽക്കകയും ചെയ്യുന്നുണ്ടു് എന്നാണു്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായും ജനസംഖ്യ കൂടിയതിന്റെ ഫലമായും ഈ സംഖ്യകൾ കൂടിയിട്ടുണ്ടാകാനാണു് സാദ്ധ്യത. എന്നാൽ, കാണാൻ സുന്ദരമായ ഈ പ്രതിഭാസം ഇത്രയേറെ അപകടങ്ങൾ ഉണ്ടാക്കേണ്ടതില്ല. മിന്നലുള്ള സമയത്തു് ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ അപകടമൊഴിവാക്കാവുന്നതേയുള്ളൂ. കെട്ടിടത്തിനു പുറത്താണെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം കെട്ടിടത്തിനുള്ളിലാണെങ്കിൽ എന്തെല്ലാം ചെയ്തുകൂട എന്ന കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു. ഒരു നൂറ്റാണ്ടിനുമുമ്പു് അമേരിക്കയിൽ ദശലക്ഷത്തിൽ നാല്പതുപേർ മിന്നലേറ്റു മരിച്ചിരുന്നതു് ഇന്നു് രണ്ടിൽ താഴെയായതു് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചതിന്റെ ഫലമായാണു്.
കെട്ടിടത്തിനു പുറത്താണെങ്കിൽ
മിന്നലുണ്ടാകുന്ന സമയത്തു് കഴിവതും പുറത്തുപോകാതിരിക്കുക എന്നതാണു് ആദ്യമായി ശ്രദ്ധിക്കേണ്ടതു്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഉച്ചകഴിഞ്ഞു് കഴിവതും പുറത്തുപോകാതിരിക്കുന്നതാണു് നല്ലതു്, കാരണം മിക്ക ദിവസവും ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റും മഴയുമുണ്ടാകാൻ സാദ്ധ്യതയുണ്ടു്. അങ്ങനെയുള്ളപ്പോൾ, കെട്ടിടത്തിനുപുറത്തു്, വിശേഷിച്ചു് തുറന്ന പ്രദേശത്തു് ഉണ്ടായിരിക്കുന്നതു് അപകടസാദ്ധ്യത കൂട്ടും. കൂടാതെ, മഴയുള്ളതുകൊണ്ടു് കുടപിടിച്ചു നടക്കാനാണു് ഇഷ്ടപ്പെടുക. അതു് അപകടസാദ്ധ്യത പിന്നെയും കൂട്ടുകയാണു് ചെയ്യുക. ലോഹനിർമ്മിതമായ ഒന്നിന്റെയും അടുത്തുപോലും പോകരുതു്, അതുപോലെ, വിശേഷിച്ചു് ഒറ്റയ്ക്ക നിൽക്കുന്ന, മരത്തിന്റെ അടുത്തു പോകരുതു്. പൂർണ്ണമായി ലോഹംകൊണ്ടുണ്ടാക്കിയ കാർ, ബസ്, ട്രെയ്ൻ, തുടങ്ങിയ വാഹനങ്ങളുടെ ഉള്ളിൽ ഇരിക്കുന്നതു് സുരക്ഷിതമാണു്, അതുപോലെതന്നെ, ആധുനിക റീയിൻഫോഴ്സ്ഡ് കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഉള്ളിലും താരതമ്യേന സുരക്ഷിതമാണു്, മിന്നൽരക്ഷാസംവിധാനങ്ങൾ ശരിയായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള കെട്ടിടമാണു് ഏറ്റവും സുരക്ഷിതം. ഓടിട്ട പഴയ ചില കെട്ടിടങ്ങളിൽ മഴവെള്ളം ശേഖരിച്ചു് മണ്ണിലെത്തിക്കാനായി മോഹംകൊണ്ടുള്ള പാത്തികൾ ചിറ്റിലും വയ്ക്കാറുണ്ടു്. അത്തരം കെട്ടിടങ്ങളും കുറച്ചൊക്കെ സുരക്ഷിതത്വം തരും. എന്നാൽ, കെട്ടിടത്തിനു സമീപത്തു് മരങ്ങളുണ്ടെങ്കിൽ റിങ് കണ്ടക്ടർ എന്ന സംവിധാനവും അത്യാവശ്യമാണു്.
കെട്ടിടത്തിനുള്ളിൽ
കെട്ടിടത്തിനുള്ളിലായാൽമാത്രം പൂർണ്ണമായി സുരക്ഷിതമല്ല. എന്തുകൊണ്ടെന്നാൽ, പുറമെയുള്ള വൈദ്യുത കമ്പികളിലോ ടെലഫോൺ കമ്പിയിലോ ടിവി കേബിൾപോലെ മറ്റേതെങ്കിലും ലോഹവസ്തുവിലോ മിന്നലേറ്റാൽ അതിലൂടെ മിന്നലിലെ അതിശക്തമായ വൈദ്യുതപ്രവാഹം കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടു്. അതുകൊണ്ടു്, മിന്നലുണ്ടാകുന്ന സമയത്തു് വയറുള്ള ടെലഫോൺ, ടിവി, ഫ്രിഡ്ജ്, തുടങ്ങിയ എല്ലാ വൈദ്യുതോപകരണങ്ങൾ. തുടങ്ങിയവയിൽനിന്നു് അകന്നു നിൽക്കണം. എന്തുകൊണ്ടെന്നാൽ, മിന്നലിലെ വൈദ്യുതപ്രവാഹത്തിന്റെ ശക്തി 30ഓ 40ഓ കിലോ ആംപിയറാണു്, നമ്മുടെ വീടുകളിലെ വൈദ്യുതപ്ലഗ്ഗുകൾക്കു താങ്ങാനാകുന്നതു് 5 മുതൽ 15 ആംപിയർ അണെന്നു് ഓർക്കുക. അതിന്റെ ആയിരം ഇരട്ടിയിലധികം ശക്തമായ വൈദ്യുതപ്രവാഹമാണു് മിന്നലിലുള്ളതു്.
കൂടാതെ, ടെറസ്സിലോ ബാൽക്കണിയിലോ പോയി നിന്നു് മഴയും മിന്നലും ആസ്വദിക്കാൻ ശ്രമിക്കരുതു്. നിങ്ങൾ അപകടം ക്ഷണിച്ചുവരുത്തുകയായിരിക്കും.
ഇവിടെ ഒന്നുരണ്ടുകാര്യങ്ങൾ എടുത്തു പറയേണ്ടതുണ്ടു്. ഒന്നാമതായി, മിന്നലുള്ള സമയത്തു് മൊബൈൽഫോൺ ഉപയോഗിക്കുന്നതു് അപകടകരമാണു് എന്നൊരു തെറ്റിദ്ധാരണ എങ്ങനെയോ പ്രചരിച്ചിട്ടുണ്ടു്. മിന്നലുള്ള സമയത്തു് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണു് മൊബൈൽ ഫോണും കോഡ്ലെസ്സ് ഫോണും. കമ്പിയുപയോഗിച്ചു് ബന്ധിപ്പിച്ചിരിക്കുന്ന ഫോണുകളാണു് അപകടകരം, അതിന്റെ കാരണം മുകളിൽ വിശദീകരിച്ചല്ലോ. അതുപോലെ, മിന്നലിന്റെ വെളിച്ചം കണ്ടിട്ടു് ഉപകരണങ്ങൾ സ്വിച്ചോഫ് ചെയ്യാനോ പ്ലഗ് ഊരിയിടാനോ ശ്രമിക്കരുതു്. എന്തുകൊണ്ടെന്നാൽ നിങ്ങൾ അതിൽ തൊടുന്ന സമയത്താവാം അതിനെ ബന്ധിപ്പിച്ചിരിക്കുന്ന കമ്പിയിൽ മിന്നലേൽക്കുന്നതു്. അതോടെ ആ മിന്നലിലെ വൈദ്യുതി നിങ്ങളെയും അപകടപ്പെടുത്തും. ദൂരെനിന്നു് ഇടിയുടെ ശബ്ദം കേൾക്കുമ്പോൾത്തന്നെ ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക, അഥവാ അങ്ങനെ ചെയ്യാൻ നിട്ടുപോയെങ്കിൽ ഒന്നും ചെയ്യാതിരിക്കുക. അഥവാ മിന്നലേറ്റാലും ആ ഉപകരണമേ നഷ്ടപ്പെടൂ.
ഈ ബുദ്ധിമുട്ടുകളൊക്കെ മിന്നലിന്റെ കാലത്തു മാത്രമേയുള്ളൂ എന്നോർക്കുമല്ലോ. അല്പം ശ്രദ്ധിച്ചാൽ ജീവാപായം ഒഴിവാക്കാം. മിന്നൽരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ചാൽ വസ്തുവകകൾക്കുണ്ടാകാവുന്ന നഷ്ടവും ഒഴിവാക്കാം.
ഇതുമായി ബന്ധപ്പെട്ട ഒരു വിഡിയൊ ഇവിടെ കാണാം.
കൂടുതലറിയാൻ താൽപ്പര്യമുള്ളവർ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “മിന്നലും ഇടിയും” എന്ന എന്റെ പുസ്തകം വായിക്കുമല്ലോ. അതിന്റെ കവർച്ചിത്രം (ശ്രീ ബാലൻ മാധവൻ ദയവായി നൽകിയതു്) ഇതാ:
