കോട്ടൺ ഹിൽ സ്ക്കൂളിൽ നടന്ന പരിപാടിയെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിൽ ഞാൻ എഴുതിയതു് കണ്ടിട്ടു്, എന്നെ നേരത്തെ അറിയാമായിരുന്ന ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയിലെ ഷാജി അലക്സ് അവർ മറ്റു സ്ക്കൂളുകളിൽ സംഘടിപ്പിക്കട്ടേ എന്നു് ആവശ്യപ്പെടുകയും ഞാൻ സമ്മതിക്കുകയും ചെയ്തു. അതനുസരിച്ചു് അവർ ആദ്യമായി വിളിച്ചതു് വട്ടിയൂർക്കാവിലെ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്ക്കൂളിലേക്കാണു്.
ഉച്ചകഴിഞ്ഞു് മൂന്നുമണിക്കു് തീരുമാനിച്ചതനുസരിച്ചു് ഞാനവിടെയെത്തി. +1 സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥികളായിരുന്നു ക്ലാസിൽ. കോട്ടൺഹില്ലിലേതുപോലെതന്നെ എന്തെല്ലാമാണു് പഠിക്കുന്നതു് എന്തിനാണു് ഇതെല്ലാം പഠിക്കുന്നതു് എന്നു ചോദിച്ചുകൊണ്ടു് തുടങ്ങി. ഈ കുട്ടികൾക്കും ഉത്തരം വ്യക്തമായിരുന്നില്ല. അങ്ങനെ മിന്നലുണ്ടാകുന്നതിനേപ്പറ്റിയും മറ്റും സംസാരിച്ചു. കുറച്ചു കുസൃതിച്ചോദ്യങ്ങളും വന്നു, കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതു്, തെങ്ങാണോ തേങ്ങയാണോ, എന്നും മറ്റും. അപ്പോൾപ്പിന്നെ പരിണാമത്തെപ്പറ്റിയുമൊക്കെ പറയേണ്ടതായിവന്നു.
കുറച്ചുകഴിഞ്ഞപ്പോൾ കുട്ടികൾ പരസ്പരം സംസാരിക്കാൻതുടങ്ങി. അതു് അത്ര സുഖകരമല്ലായിരുന്നു. ഏറ്റവും പിറകിലിരുന്ന കുട്ടികൾക്കു് കേൾക്കാനാകുന്നില്ലായിരുന്നു എന്നു പിന്നീടു് മനസ്സിലായി. എന്നിട്ടും നാലുമണി കഴിഞ്ഞപ്പോൾ ടീച്ചർ വന്നു വീട്ടിൽപ്പോകാൻ സമയമായി എന്നു പറയേണ്ടിവന്നു. മിന്നലിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ അവർക്കും അറിയില്ലായിരുന്നു എന്നു് ടീച്ചർ പറഞ്ഞു. സംസ്ഥാനതലത്തിൽ ഒരു ബോധവൽക്കരണപരിപാടികൂടി നടത്തണം എന്നു തോന്നുന്നു. അല്ലെങ്കിൽ ടീച്ചറന്മാർക്കായി ഒരു പരിശീലനപരിപാടി പ്രത്യേകം നടത്തേണ്ട ആവശ്യമുണ്ടു്.

